ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ല്‌വില നല്‍കി പ്രധാനമന്ത്രി. മോദിയുടെ ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ മാസ്‌കോ മറ്റ് കോവിഡ് പ്രോട്ടോക്കോളുകളോ പാലിക്കാതെ വന്നത് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവാര്‍ഗിയയുടെ അനന്തരവന്റെ വിവാഹച്ചടങ്ങിലാണ് പ്രധാനമന്ത്രി മറ്റ് കേന്ദ്രമന്ത്രിമാര്‍ക്കും പ്രമുഖ ബി.ജെ.പി നേതാക്കള്‍ക്കുമൊപ്പം പങ്കെടുത്തത്.
വലിയ ജനക്കൂട്ടത്തിനിടയിലേക്ക് എത്തിയ മോദി നേരെ വേദിയില്‍ച്ചെന്ന് നവദമ്പതിക്കള്‍ക്കൊപ്പം ഫോട്ടോ എടുക്കുകയും ആശംസകള്‍ അറിയുക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചടങ്ങില്‍ ഉടനീളം മാസ്‌ക്കോ സാമൂഹ്യ അകലം അടക്കമുള്ള കോവിഡ് പ്രോട്ടോക്കോളോ അദ്ദേഹം പാലിച്ചിട്ടില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മാസ്‌ക് ധരിച്ചെത്തിയ മോദി എല്ലാവരോടും മാസ്‌ക് ധരിക്കുകയും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അതേസമയം മാതൃകയാകേണ്ടവര്‍ തന്നെ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ ചെയ്യുന്നത് തിരുത്തപ്പെടേണ്ടതുതന്നെയാണ്.
മോദിയ്ക്കു പിറകെ മറ്റ് രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും വ്യവസായികളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, മരേന്ദ്ര തോമര്‍, പിയൂഷ് ഗോയല്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി, ശതകോടീശ്വരന്‍ ഗൗതം അദാനി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
വിവാഹ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തതിന്റെ വീഡിയോ ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങില്‍ വൈറല്‍ ആയിട്ടുണ്ട്.