X

തദ്ദേശ തെരഞ്ഞെടുപ്പ് ; കോവിഡ് ബാധിതരുടെ തപാല്‍ വോട്ട് അപേക്ഷ വോട്ടെടുപ്പിന്റെ തലേന്നുവരെ

തിരുവനന്തപുരം: കോവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തിരഞ്ഞെടുപ്പു വോട്ടെടുപ്പിന്റെ തലേന്ന് ഉച്ചകഴിഞ്ഞ് 3 വരെ തപാല്‍ വോട്ടിന് അപേക്ഷിക്കാന്‍ അവസരം നല്‍കണമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഇത്തരക്കാര്‍ക്കു രണ്ടു ദിവസം മുന്‍പു വരെ തപാല്‍ വോട്ടിന് അവസരം നല്‍കാമെന്ന തരത്തില്‍ സര്‍ക്കാര്‍ തയാറാക്കിയ ഓര്‍ഡിനന്‍സിന്റെ കരട് അയച്ചുകൊടുത്തപ്പോഴാണു കമ്മിഷന്‍ മാറ്റം ആവശ്യപ്പെട്ടത്. ഇതോടെ പോളിങ് ബൂത്തിലെത്തുന്ന കോവിഡ് പോസിറ്റീവുകാര്‍ കാര്യമായി കുറയുമെന്നും മറ്റു വോട്ടര്‍മാര്‍ക്കു പരിഭ്രാന്തിയില്ലാതെ വോട്ടു ചെയ്യാന്‍ സാഹചര്യമുണ്ടാകുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

ഈ സമയം കഴിഞ്ഞും കോവിഡ് പോസിറ്റീവോ ക്വാറന്റീനിലോ ആകുന്നവര്‍ ബൂത്തില്‍ എത്തി അവസാന മണിക്കൂറില്‍ വോട്ടു ചെയ്യാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കമ്മിഷന്‍ അംഗീകരിച്ചു. ആശുപത്രികളിലും ക്വാറന്റീന്‍ കേന്ദ്രങ്ങളിലും കഴിയുന്നവര്‍ക്ക് ഇതിനുള്ള സൗകര്യം കലക്ടറുടെ സഹായത്തോടെ ആരോഗ്യവകുപ്പ് ഒരുക്കും.

അതേസമയം, കോവിഡ് ബാധിതരുടെയും ക്വാറന്റീനില്‍ കഴിയുന്നവരുടെയും വീടുകളില്‍ എത്തി പോളിങ് ഉദ്യോഗസ്ഥര്‍ തപാല്‍ ബാലറ്റ് നല്‍കി വോട്ട് വാങ്ങി മടങ്ങാമെന്ന സര്‍ക്കാര്‍ നിര്‍ദേശം കമ്മിഷന്‍ ഭാഗികമായി അംഗീകരിച്ചു. എന്നാല്‍, ഇതു നിര്‍ബന്ധപൂര്‍വം പാടില്ലെന്നും വോട്ടറുടെ അപേക്ഷ വാങ്ങിയ ശേഷം വോട്ട് രേഖപ്പെടുത്താമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. പോള്‍ ചെയ്ത തപാല്‍ ബാലറ്റ് ഉദ്യോഗസ്ഥരെ ഏല്‍പിക്കാനോ ബന്ധുവിന്റെയോ ദൂതന്റെയോ കൈവശമോ തപാല്‍മാര്‍ഗമോ വരണാധികാരിക്കു കൈമാറാനോ വോട്ടര്‍ക്കു സ്വാതന്ത്ര്യമുണ്ടാകണമെന്നും കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

 

Test User: