X

പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാന്‍ എത്തി കോവിഡ് രോഗികള്‍; മഹാമാരി കാലത്തെ കാഴ്ച

തിരുവനന്തപുരം: മഹാമാരിലെ കാലത്തെ തെരഞ്ഞെടുപ്പിനിടെ കോവിഡ് രോഗികളും നിരീക്ഷണത്തിലിരുന്നവരും സുരക്ഷിതമായെത്തി വോട്ട് രേഖപ്പെടുത്തുന്ന കാഴ്ചയും മാതൃകയായി. പ്രാഥമിക കണക്ക് പ്രകാരം അഞ്ച് ജില്ലകളിലായി ഇരുപതോളം പേരാണ് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തിയത്.

ആറ് മണിക്ക് മുന്‍പെത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം എല്ലാവരും അഞ്ചരയോടെ ബൂത്തുകളിലെത്തി. മറ്റു വോട്ടര്‍മാര്‍ വോട്ടുചെയ്തു കഴിയുംവരെ വന്ന വാഹനത്തില്‍ കാത്തിരുന്നു. വോട്ടിങ് സമയം അവസാനിച്ചതോടെ ബൂത്തിലെ ഉദ്യോഗസ്ഥരും പിപിഇ കിറ്റുകള്‍ ധരിച്ച് തയാറായി. പിന്നീട് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച്, രാജ്യ ചരിത്രത്തില്‍ തന്നെ ഇടംപിടിക്കുന്ന നിമിഷം. കോവിഡിനെ തോല്‍പിച്ച് വോട്ട് ചെയ്ത സംതൃപ്തിയോടെ മടക്കം.

അതേസമയം, സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 72.49 ആണ് വോട്ടിംഗ് ശതമാനമെന്നാണ് ലഭ്യമായ കണക്കുകള്‍. ആലപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. കുറവ് തിരുവനന്തപുരത്തും.

തിരുവനന്തപുരം 69.07, കൊല്ലം 72.79, പത്തനംതിട്ട 69. 33, ആലപ്പുഴ 76.42, ഇടുക്കി 73.99 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് കണക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 59.02 ശതമാനം പേരും കൊല്ലം കോര്‍പ്പറേഷനില്‍ 65.11 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങള്‍ വോട്ടെടുപ്പിനെ ബാധിച്ചില്ല. വൈകുന്നേരം അഞ്ച് മണി മുതല്‍ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനില്‍ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു.
തദ്ദേശതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഡിസംബര്‍ 10നാണ്.

 

Test User: