തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് രോഗികളുടെ തപാല്‍ വോട്ടിന് മാര്‍ഗനിര്‍ദേശമായി. ആരോഗ്യവകുപ്പിന്റെ പട്ടികയിലുള്ളവര്‍ക്ക് തപാല്‍ വോട്ട് ചെയ്യാം. 10 ദിവസം മുമ്പ് പട്ടികയില്‍ ഉണ്ടായിരിക്കണം. പട്ടികയില്‍ ഉണ്ടെങ്കില്‍ രോഗം മാറിയാലും തപാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പിന്റെ തലേന്ന് മൂന്നുമണി വരെ രോഗബാധിതരായവര്‍ക്ക് തപാല്‍ വോട്ടിന് അനുമതിയുണ്ട്. മറ്റു ജില്ലകളില്‍ പെട്ടുപോയവര്‍ക്കും തപാല്‍ വോട്ട് അനുവദിക്കും.
തദ്ദേശ തെരഞ്ഞെടുപ്പിന് നേരിട്ടെത്തി വോട്ട് ചെയ്യുന്ന കോവിഡ് ബാധിതരും ക്വാറന്റീനില്‍ കഴിയുന്നവരും പോളിങ് ബൂത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ ഇറങ്ങരുതെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വോട്ടെടുപ്പിനു തലേന്ന് ഉച്ചയ്ക്കു മൂന്നിനു ശേഷം കോവിഡ് ബാധിതരുടെയോ ക്വാറന്റീനില്‍ കഴിയുന്നവരുടെയോ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് അവസാനത്തെ ഒരു മണിക്കൂര്‍ (വൈകിട്ട് 5 മുതല്‍ 6 വരെ) നേരിട്ടെത്തി വോട്ട് ചെയ്യാന്‍ കഴിയുക. അതിനു മുന്‍പു പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു തപാല്‍ ബാലറ്റ് നല്‍കും. ഇവര്‍ പിന്നീടു കോവിഡ് മുക്തരായാലും തപാല്‍ വോട്ടു തന്നെ ചെയ്യണം.
കോവിഡ് പോസിറ്റീവ് ആയി ആശുപത്രിയില്‍ കഴിയുന്നവര്‍ക്കു വോട്ട് ചെയ്യാനുള്ള സൗകര്യം ആരോഗ്യ വകുപ്പ് ഒരുക്കണം. എന്നാല്‍ വീട്ടിലും സ്വകാര്യ ആശുപത്രികളിലും കഴിയുന്നവര്‍ സ്വയം എത്തണം. ഇവര്‍ 5 മണിക്കു വോട്ട് ചെയ്യാനെത്തുമ്പോള്‍ ഇതര വോട്ടര്‍മാര്‍ വരി നില്‍ക്കുന്നുണ്ടെങ്കില്‍ അവരെല്ലാം വോട്ടു ചെയ്ത ശേഷം ബൂത്തില്‍ കയറാം. ഈ സമയത്തു ബൂത്തിനകത്തുള്ളവര്‍ പിപിഇ കിറ്റ് ധരിക്കണം. വോട്ട് രേഖപ്പെടുത്തുമ്പോള്‍ കയ്യുറ നിര്‍ബന്ധം. ഓരോരുത്തരും ഒപ്പിടാന്‍ വെവ്വേറെ പേന ഉപയോഗിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.