X

കോവിഡിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഇരട്ട വകഭേദം ഇന്ത്യയില്‍

സാര്‍സ് കോവ്2 വൈറസിന്റെ ജനിതക വ്യതിയാനം സംഭവിച്ച ഇരട്ട വകഭേദം ഇന്ത്യയില്‍ കണ്ടെത്തി. നിലവില്‍ കണ്ടെത്തിയിട്ടുള്ള E484Q, L452R വകഭേദങ്ങളുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന ഈ വകഭേദം മഹാരാഷ്ട്രയിലാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതിയ ഇരട്ട വകഭേദം ഉള്‍ക്കൊള്ളുന്ന സാംപിളുകളുടെ 20 ശതമാനവും മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് ശേഖരിച്ചത്.

പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രോഗവ്യാപനം വര്‍ധിപ്പിക്കുന്ന ഈ വകഭേദം മഹാരാഷ്ട്രയില്‍ നിന്ന് ശേഖരിച്ച 15 മുതല്‍ 20 ശതമാനം വരെ സാംപിളുകളില്‍ കാണപ്പെട്ടു. കേരളത്തിലെ 11 ജില്ലകളില്‍ നിന്ന് ശേഖരിച്ച 2032 സാംപിളുകളില്‍ 123 എണ്ണത്തില്‍ N440K എന്ന വകഭേദവും കണ്ടെത്തി. ഈ വകഭേദത്തിനും പ്രതിരോധ സംവിധാനത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കും. N440K വകഭേദം നേരത്തെ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള 33 ശതമാനം സാംപിളുകളിലും തെലങ്കാനയില്‍ നിന്നുള്ള 104 സാംപിളുകളില്‍ 53 എണ്ണത്തിലും കണ്ടെത്തിയിരുന്നു. യുകെ, ഡെന്‍മാര്‍ക്ക്, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ആശങ്കപ്പെടുത്തുന്ന ഈ കോവിഡ് വകഭേദം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

10 ദേശീയ ലാബുകള്‍ ഉള്‍പ്പെടുന്ന ദ ഇന്ത്യന്‍ സാര്‍സ് കോവ്2 കണ്‍സോര്‍ഷ്യം ഓണ്‍ ജീനോമിക്‌സിമിന്റെ നേതൃത്വത്തിലാണ് ഇന്ത്യയില്‍ പരക്കുന്ന കോവിഡ് വൈറസുകളുടെ ജനിതക സീക്വന്‍സിങ്ങും പഠനവും നടത്തുന്നത്. യുകെ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കണ്ടെത്തിയ കോവിഡ് വകഭേദങ്ങള്‍ ആശങ്ക പരത്തുമ്പോഴാണ് ഇരട്ട വകഭേദവുമായി ഇന്ത്യന്‍ വൈറസിന്റെ വരവ്.

Test User: