ദക്ഷിണാഫ്രിക്കയില്‍ കാണപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പഠനം. കോവിഡ് രോഗമുക്തരെ പോലും വീണ്ടും വൈറസ് ബാധിതരാക്കാന്‍ 501Y.V2 എന്ന ഈ വകഭേദത്തിന് സാധിക്കുമെന്ന് bioRxiv പ്രീ പ്രിന്റ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു.
പുതിയ വകഭേദത്തിന് സ്‌പൈക് പ്രോട്ടീനിന്റെ ഒന്‍പത് ഭാഗങ്ങളിലാണ് ജനിതക വ്യതിയാനമുള്ളത്. ഇത് കൂടുതല്‍ കാര്യക്ഷമമായി മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്നു. ഇക്കാരണത്താല്‍ തന്നെ യുകെ വകഭേദത്തെ പോലെ തന്നെ വ്യാപനശേഷി കൂടുതലുള്ളതാണ് 501Y.V2 .
കോവിഡ് രോഗമുക്തരില്‍ നിന്ന് ശേഖരിച്ച ആന്റിബോഡികള്‍ ഗവേഷകര്‍ ഈ പുതിയ വകഭേദത്തിനെതിരെ പരീക്ഷിച്ചു. 44 സാംപിളുകള്‍ പരിശോധിച്ചതില്‍ 21 സാംപിളുകളില്‍ ആന്റിബോഡികള്‍ക്ക് ഈ വൈറസിനെ നിര്‍വീര്യമാക്കാന്‍ സാധിച്ചില്ല.
കോവിഡ് രോഗമുക്തരില്‍ വീണ്ടും രോഗം വ്യാപമാക്കാന്‍ പുതിയ വകഭേദം വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. സ്‌പൈക് അധിഷ്ഠിത വാക്‌സീനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും 501Y.V2 കാരണമായേക്കാമെന്ന് ആശങ്കയുണ്ട്.