ലണ്ടന്‍: നിയന്ത്രണ നടത്തുന്നതിനിടയിലും ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദം ലോകത്ത് വ്യാപിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളിലും ശനിയാഴ്ച ഈ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, സ്വീഡന്‍, നെതര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതിനോടകം പുതിയ വൈറസ് കണ്ടെത്തിയിട്ടുണ്ട്.
അതിവേഗം പടരുന്ന പുതിയ കോവിഡ് വൈറസ് വ്യാപിക്കുമ്പോഴും വാക്‌സിന്‍ വിതരണത്തില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. അതേസമയം പുതിയ വൈറസ് നിലവിലെ വൈറസിനേക്കാള്‍ മാരകമോ പ്രതിരോധിക്കാന്‍ സാധ്യമാകാത്തതോ ആണെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നില്ല.
അതേസമയം, കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുകയും മരണസംഖ്യയില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന അമേരിക്കയില്‍ ഇതുവരെ ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ബ്രിട്ടനില്‍ നിന്ന് വരുന്നവര്‍ക്ക് യുഎസ് തിങ്കളാഴ്ച മുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിസംബര്‍ 28 മുതല്‍ ജനുവരി അവസാനം വരെ എല്ലാ വിദേശപൗരന്മാര്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ജപ്പാന്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനില്‍ ശനിയാഴ്ച അഞ്ചുപേര്‍ക്ക് കോവിഡ് വകഭേദം സ്ഥിരീകരിച്ചതിന്റെ പിന്നാലെയാണിത്. യുകെയില്‍ നിന്നെത്തിയവര്‍ക്കാണ് രോഗം കണ്ടെത്തിയത്.