X

ബ്രിട്ടനില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവര്‍ നിരീക്ഷണകേന്ദ്രങ്ങളില്‍ നിന്ന് ചാടിപ്പോയി

ഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ബ്രിട്ടനില്‍ ഡല്‍ഹിയിലെത്തുകയും കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത രണ്ട് പേര്‍ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. പഞ്ചാബ്, ആന്ധ്രപ്രദേശ് സ്വദേശികളാണ് നിര്‍ദേശങ്ങള്‍ അവഗണിച്ച് രക്ഷപ്പെട്ടത്.

നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ സ്വന്തം നാടുകളിലേക്കാണ് മടങ്ങിയത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഇവരെ കണ്ടെത്തി വീണ്ടും നിരീക്ഷണ കേന്ദ്രങ്ങളിലെക്ക് മാറ്റി.

തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ 47 വയസുള്ള സ്ത്രീക്ക് റാപ്പിഡ് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സഫ്ദര്‍ജ് ആശുപത്രിയിലേക്ക് മാറ്റിയ സ്ത്രീക്ക് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ ഹോം ഐസോലേഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ ഇവര്‍ മകനൊപ്പം ആന്ധ്ര സ്‌പെഷ്യല്‍ ട്രെയിനില്‍ രാജമുദ്രിയിലേക്ക് പോകുകയായിരുന്നു.

കോവിഡ് സ്ഥിരീകരിച്ച് ബ്രിട്ടനില്‍ നിന്ന് എത്തിയ രണ്ടാമത്തെയാള്‍ ലുധിയാനയിലേക്കാണ് കടന്നു കളഞ്ഞത്. ലുധിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്വയം പരിശോധനയ്ക്ക് വിധേയമാകുകയും തുടര്‍ന്ന് അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുകയുമായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

അതിനിടെ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനം ബ്രിട്ടനില്‍ രൂക്ഷമായിരിക്കെ ഇന്ത്യയില്‍ ആശങ്ക ശക്തമാകുകയാണ്. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ നാഗ്പുര്‍ സ്വദേശിയായ യുവാവിന് കൊറോണ വൈറസിന്റെ പുതിയ വകഭേദം ബാധിച്ചതായി സംശയമുണ്ട്.

നവംബര്‍ 29ന് നാട്ടിലെത്തിയ ഇരുപത്തിയെട്ടുകാരന് വൈറസിന്റെ പുതിയ വകഭേദം ബാധിച്ചതായാണ് സംശയം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ നടത്തിയ പരിശോധനയില്‍ ഡിസംബര്‍ 14നാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Test User: