പുണെ: കടുത്ത കോവിഡ് ലക്ഷണങ്ങള്‍ക്കിടയാക്കുന്ന പുതിയ കൊറോണ വൈറസ് വകഭേദം പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കണ്ടെത്തിയതായി വിദഗ്ധര്‍. ബ്രസീലില്‍നിന്ന് എത്തിയ രണ്ടുപേരിലാണ് B.1.1.28.2 വകഭേദം കണ്ടെത്തിയത്. ഇതിനെ നേരിടാന്‍ കൂടുതല്‍ ആന്റീബോഡികള്‍ ആവശ്യമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ വകഭേദം നേരത്തെ തന്നെ കണ്ടെത്തിയിരുന്നെന്നും എന്നാല്‍ ഇന്ത്യയില്‍ ഇത് വ്യാപിച്ചിട്ടില്ലാത്തിനാല്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ എന്‍ഡിടിവിയോട് പറഞ്ഞു.
വാക്‌സിനേഷന് ശേഷവും സ്വാഭാവികമായും ഉണ്ടാകുന്ന ആന്റീബോഡികള്‍ വൈറസിനെ എത്രത്തോളം കാര്യക്ഷമമായി പ്രതിരോധിക്കുന്നുവെന്ന് കണ്ടെത്താന്‍ നടത്തിയ പഠനത്തില്‍ ഈ വകഭേദത്തെ നേരിടാന്‍ കൂടുതല്‍ ആന്റീബോഡികള്‍ ആവശ്യമുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
എന്നാല്‍ ഇന്ത്യയില്‍നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നും ഈ വകഭേദത്തെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ പുതിയ വകഭേദങ്ങളെ നേരിടാന്‍ വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കുക എന്നകാര്യമാണ് ചെയ്യേണ്ടതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 12,200 ലധികം വകഭേദങ്ങള്‍ രാജ്യത്തുണ്ടെന്നാണ് സര്‍ക്കാര്‍ നടത്തുന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്.