ലണ്ടന്‍: തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും കോവിഡിന്റെ ലക്ഷണമാവാമെന്ന് ലണ്ടന്‍ കിങ്‌സ് കോളജിലെ ഗവേഷകര്‍. മൂന്നരലക്ഷത്തോളം കോവിഡ് രോഗികളില്‍ നടത്തിയ നീരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷകര്‍ പറയുന്നു.
പഠനവിധേയമാക്കിയവരില്‍ ഒമ്പത് ശതമാനം കോവിഡ് രോഗികള്‍ക്കും തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡിന്റെ മറ്റ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പോ അതിനു ശേഷമോ ചര്‍മ പ്രശ്നങ്ങള്‍ കാണപ്പെടാം. കോവിഡ് പോസിറ്റീവായി ആഴ്ചകള്‍ക്ക് ശേഷമാകാം ചിലപ്പോള്‍ ചര്‍മത്തില്‍ തിണര്‍പ്പ് പ്രത്യക്ഷപ്പെടുന്നത്.
കോവിഡ് ഔദ്യോഗിക രോഗലക്ഷണങ്ങളുടെ പട്ടികയിലേക്ക് തൊലിപ്പുറത്തെ തിണര്‍പ്പും തടിപ്പും ഉള്‍പ്പെടുത്താന്‍ ഔദ്യോഗിക ആരോഗ്യ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കിങ്‌സ് കോളജിലെ ജനിതക സാംക്രമിക രോഗ വിഭാഗം പ്രഫസര്‍ ടിം സ്പെക്ടര്‍ പറഞ്ഞു.
തൊലിപ്പുറത്തെ തിണര്‍പ്പിനൊപ്പം ചിലര്‍ക്ക് കൈയിലെയും കാലിലെയും വിരലുകളില്‍ ചുവപ്പും പഴുപ്പും ഉണ്ടാകാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. മറ്റ് ലക്ഷണങ്ങളെ അപേക്ഷിച്ച് നീണ്ടകാലം ഈ രോഗലക്ഷണങ്ങള്‍ തുടര്‍ന്നേക്കാമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.