X
    Categories: HealthMore

കോവിഡ് നെഗറ്റീവായെന്ന് കരുതി സുരക്ഷിതരായെന്ന് കരുതേണ്ട; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

കോവിഡ് പരിശോധനയില്‍ നെഗറ്റീവായെന്ന് കരുതി ഇനി എല്ലാം സുരക്ഷിതമെന്ന് കരുതുന്നത് അപകടകരമാകുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. ആര്‍ടി-പിസിആര്‍, ആന്റിജന്‍ എന്നിങ്ങനെ നിരവധി പരിശോധനകള്‍ നമ്മുടെ നാട്ടില്‍ കോവിഡ് പരിശോധനയ്ക്കുണ്ട്. ചെലവ് കുറവാണെന്നതിനാലും എളുപ്പം ഫലം അറിയാമെന്നതിനാലും കൂടുതല്‍ പേര്‍ക്കും ചെയ്യുന്നത് ഒരു പക്ഷേ
ആന്റിജന്‍ പരിശോധനയാകും.

ഒരു പരിശോധനയും 100 ശതമാനം കൃത്യമായ ഫലം തരില്ല. ഇതില്‍ തന്നെ ആന്റിജന്‍ പരിശോധനയ്ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയെ അപേക്ഷിച്ച് തെറ്റായ റിസല്‍ട്ട് കാണിക്കാനുള്ള സാധ്യത കൂടുതലാണ്. പരിശോധനയില്‍ തെറ്റായ നെഗറ്റീവ് വരാനുള്ള സാധ്യത 30 ശതമാനം വരെയാണെന്ന് ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായെന്ന് കരുതി എല്ലാം സുരക്ഷിതമെന്ന് കരുതാന്‍ കഴിയില്ല.

വൈറസ് ശരീരത്തില്‍ കടന്ന് പെരുകാനുള്ള സമയമായ 5 മുതല്‍ 12 ദിവസങ്ങള്‍ക്ക് മുമ്പ് പരിശോധിച്ചാലും ചിലപ്പോള്‍ നെഗറ്റീവ് ഫലമുണ്ടാകം. ഒരാളില്‍ വൈറസ് പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് നടത്തുന്ന പരിശോധനയില്‍ നെഗറ്റീവ് ഫലം വരാനാണ് സാധ്യത കൂടുതല്‍. കോവിഡ് പോസിറ്റീവായ വ്യക്തിയുമായി സമ്പര്‍ക്കമുണ്ടെങ്കില്‍ ആറോ ഏഴോ ദിവസം കഴിഞ്ഞ് പരിശോധനയ്ക്ക് ചെല്ലുന്നതാകും ഉത്തമം. അത് വരെ സ്വയം ക്വാറന്റീനിലിരുന്ന് രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കാം.

കോവിഡ് വന്ന ശേഷം നെഗറ്റീവായി കഴിഞ്ഞാല്‍ പൂര്‍ണമായും സുഖപ്പെട്ടെന്നും ഇനി വരില്ലെന്നും കരുതരുത്. ഒരാളുടെ ഉള്ളിലെ വൈറസിന്റെ വ്യാപനശക്തി കുറഞ്ഞു എന്ന് മാത്രമേ നെഗറ്റീവ് റിസല്‍ട്ട് അര്‍ത്ഥമാക്കുന്നുള്ളൂ. നെഗറ്റീവായാലും നിശ്ചിത ദിവസത്തേക്ക് വ്യക്തി ക്വാറന്റീനില്‍ തുടരണമെന്ന് പറയുന്നത് ഇതിനാലാണ്. പരിശോധനയ്ക്കൊപ്പം കര്‍ശനമായ ക്വാറന്റീനും സാമൂഹിക അകലവും കോവിഡിനെ പ്രതിരോധിക്കാന്‍ അത്യാവശ്യമാണ്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: