കോവിഡ് പരിശോധനകളില്‍ വച്ച് ഏറ്റവും കൃത്യതയാര്‍ന്നതെന്ന് കരുതപ്പെടുന്നതാണ് ആര്‍ടി-പിസിആര്‍ പരിശോധന. എന്നാല്‍ ഇപ്പോള്‍ നമ്മുടെ രാജ്യം നേരിടുന്ന കോവിഡിന്റെ രണ്ടാം തരംഗത്തിനിടെ ചിലപ്പോഴെങ്കിലും ആര്‍ടി-പിസിആര്‍ പരിശോധന തെറ്റായ നെഗറ്റീവ് (ഫോള്‍സ് നെഗറ്റീവ്) ഫലം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍. കോവിഡ് ലക്ഷണങ്ങളെല്ലാം പ്രകടിപ്പിച്ചിട്ടും പരിശോധന ഫലം നെഗറ്റീവ് ആകുന്ന കേസുകള്‍ വ്യാപകമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
പല കാരണങ്ങള്‍ കൊണ്ട് ഈ തെറ്റായ നെഗറ്റീവ് ഫലം വരാം. യുകെ വകഭേദം, ദക്ഷിണാഫ്രിക്കന്‍ വകഭേദം, ഇരട്ട വ്യതിയാന വകഭേദം എന്നിങ്ങനെ കൊറോണ വൈറസിന്റെ പല വകഭേദങ്ങളുടെ ഫലമായിട്ടാണ് ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ഉണ്ടായിരിക്കുന്നത്. ഒരു വേള ആര്‍ടി-പിസിആര്‍ പരിശോധനകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ച പുതിയ വകഭേദങ്ങളെ കണ്ടെത്താന്‍ സാധിക്കാതെ വരുന്നതാകാം ഫോള്‍സ് നെഗറ്റീവിന് കാരണം.
ഇക്കാരണങ്ങള്‍ കൊണ്ട് കോവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ പരിശോധന ഫലം നെഗറ്റീവ് ആയതു കൊണ്ട് മാത്രം ജാഗ്രത കൈവെടിയരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മണവും രുചിയും നഷ്ടമാകല്‍, പനി, കുളിര്, ക്ഷീണം, തൊണ്ട വേദന, വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ കോവിഡ് ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത്.
ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആര്‍ടി-പിസിആറില്‍ നെഗറ്റീവ് കാണിച്ചാലും സ്വയം ഐസൊലേറ്റ് ചെയ്ത് മറ്റുള്ളവരിലേക്ക് രോഗം പടര്‍ത്താതെ നോക്കണം. ഈ ലക്ഷണങ്ങള്‍ തുടര്‍ന്നും നിരീക്ഷിക്കുകയും ഒരു പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ ശരീരത്തിലെ ഓക്സിജന്‍ തോത് രേഖപ്പെടുത്തുകയും വേണം. ലക്ഷണങ്ങള്‍ മാറാതെ തുടര്‍ന്നാല്‍, സിടി സ്‌കാന്‍ പോലുള്ള വഴികളിലൂടെ ശ്വാസകോശത്തിന് അണുബാധയുണ്ടോ എന്ന് നോക്കാവുന്നതാണ്.