X
    Categories: indiaNews

മുംബൈയിലെ 50 ശതമാനത്തിലധികം കുട്ടികളിലും കോവിഡ് ആന്റിബോഡിയെന്ന് സര്‍വേ ഫലം

മുംബൈ: മുംബൈയിലെ 18 വയസില്‍ താഴെയുള്ള 51 ശതമാനത്തിലധികം കുട്ടികളിലും കോവിഡിന് എതിരായ ആന്റീബോഡിയുണ്ടെന്ന് കണ്ടെത്തി. ഏപ്രില്‍ ഒന്നിനും ജൂണ്‍ 15 നുമിടെ നഗരത്തില്‍ നടത്തിയ സിറോ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.

പത്തിനും 14 നുമിടെ പ്രായമുള്ള 53.43 ശതമാനം കുട്ടികളിലും കോവിഡ് ആന്റീബോഡി ഉള്ളതായി കണ്ടെത്തി. 15 നും 18 നുമിടെ പ്രായമുള്ള 51.39 ശതമാനത്തിലും ഒന്നിനും നാല് വയസിനുമിടെ പ്രായമുള്ള 51.04 ശതമാനത്തിലും ആന്റീബോഡി കണ്ടെത്തി. 18 വയസിന് താഴെ പ്രായമുള്ള മുംബൈയിലെ കുട്ടികളില്‍ 51.18 ശതമാനത്തിനും കോവിഡിനെതിരായ ആന്റീബോഡിയുണ്ടെന്നാണ് ഇതോടെ വ്യക്തമായത്.

2021 മാര്‍ച്ചില്‍ നടത്തിയ സിറോ സര്‍വേയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികളില്‍ കോവിഡ് ആന്റീബോഡി വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്നാണ് സിറോ സര്‍വേയില്‍ വ്യക്തമായിട്ടുള്ളതെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടു.

കര്‍ണാടകയിലെ 1.4 ലക്ഷം കുട്ടികള്‍ക്കും മാര്‍ച്ച് മെയ് മാസങ്ങള്‍ക്കിടെ കോവിഡ് ബാധിച്ചിരുന്നുവെന്ന് കഴിഞ്ഞ മാസം നടത്തിയ സിറോ സര്‍വേയില്‍ വ്യക്തമായിരുന്നു. ഇതില്‍ 40,000ത്തോളം പേര്‍ പത്ത് വയസില്‍ താഴെ പ്രായമുള്ളവരാണ്.

മൂന്നാം തരംഗം ആറ് മുതല്‍ എട്ടുവരെ ആഴ്ചകള്‍ക്കുള്ളില്‍ വരാം എന്നാണ് ഡല്‍ഹി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ അഭിപ്രായപ്പെട്ടത്. വൈറസിന് ജനിതക വ്യതിയാനം സംഭവിക്കുന്നതുമായ ബന്ധപ്പെട്ട ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. അതിനിടെ മൂന്നാം തരംഗത്തില്‍ കുട്ടികളെ വൈറസ് കൂടുതലായി ബാധിക്കുമെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്.

 

Test User: