X
    Categories: indiaNews

കോവിഡ്: ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തില്‍ നിന്നും പുറത്തായത് 32 മില്യണ്‍ ആളുകള്‍; ദരിദ്രരുടെ എണ്ണം കുത്തനെ ഉയര്‍ന്നു

ഡല്‍ഹി: കോവിഡ് മഹാമാരി സൃഷ്ട്രിച്ച ഗുരുതര സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. കോവിഡ് വ്യാപനത്തിനുശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിമൂലം 32 ദശലക്ഷം ഇന്ത്യക്കാര്‍ മധ്യവര്‍ഗ്ഗത്തില്‍ നിന്നും പുറത്തായതായാണ് കണക്ക്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷണ കേന്ദ്രമാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ പുറത്തുവിട്ടത്. മഹാമാരിമൂലം തൊഴിലില്ലായ്മ രൂക്ഷമായതോടെ രാജ്യത്ത് പട്ടിണി മുന്‍പില്ലാത്ത വിധം വര്‍ധിച്ചെന്ന് പഠനം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ മധ്യവര്‍ഗ്ഗം വര്‍ഷങ്ങളുടെ അധ്വാനത്തിലൂടെ നേടിയതെല്ലാം മഹാമാരി മൂലം നഷ്ടപ്പെടുന്ന ഒരു സ്ഥിതിയുണ്ടായതോടെയാണ് ഈ വിധത്തില്‍ മധ്യവര്‍ഗ്ഗം ചുരുങ്ങിയതെന്ന് പഠനം പറയുന്നു. മഹാമാരിയ്ക്കു മുന്‍പ് 99 മില്യണ്‍ ആളുകളെയാണ് ഇന്ത്യന്‍ മധ്യവര്‍ഗ്ഗമെന്ന് പറയാനാകുമായിരുന്നത്. ഇതില്‍ നിന്ന് 32 മില്യണ്‍ ഒറ്റയടിയ്ക്ക് കുറഞ്ഞെന്ന ഞെട്ടിപ്പിക്കുന്ന വസ്തുത പഠനത്തിലുണ്ട്. ഇപ്പോള്‍ 66 മില്യണ്‍ ആളുകളെ മാത്രമാണ് ഇന്ത്യയില്‍ മധ്യവര്‍ഗ്ഗമായി അടയാളപ്പെടുത്താനാകുന്നത്.

ാേകാവിഡ് മൂലം ഇന്ത്യയില്‍ ചൈനയുടേതിനെക്കാള്‍ വ്യക്തികളുടെ ദരിദ്രസാഹചര്യം രൂക്ഷമായതായി പഠനത്തില്‍ വിശദീകരണമുണ്ട്. 2011 നും 2019നും ഇടയില്‍ 57 ദശലക്ഷം ആളുകളെ ഇടത്തരം വരുമാനക്കാരായി ലോകബാങ്ക് രേഖപ്പെടുത്തിയിരുന്നു. മഹാമാരിമൂലം ഓരോ ദിവസവും രണ്ടോ അതില്‍ കുറവോ ഡോളര്‍ വരുമാനമുള്ള ദരിദ്രരുടെ എണ്ണം 75 മില്യണായി വര്‍ധിച്ചെന്ന ആശങ്കപ്പെടുത്തുന്ന വസ്തുതയും പഠനറിപ്പോര്‍ട്ടിലുണ്ട്.

Test User: