തിരുവനന്തപുരം: മെയ് 24 മുതല്‍ കേരളത്തിലെ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ എണ്ണം ആകെ ബാധിതരുടെ 30 ശതമാനത്തില്‍ താഴെയായി നിര്‍ത്തുകയായിരുന്നു സര്‍ക്കാര്‍ ലക്ഷ്യം. എന്നാല്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങളെല്ലാം പാളുന്നതാണ് പിന്നീട് കണ്ടത്.
മെയ് 24 മുതല്‍ ഓഗസ്റ്റ് 26 വരെയുള്ള കണക്കെടുത്താല്‍ കേരളത്തില്‍ ആകെ 60,870 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതില്‍ 48,522 കേസുകളും സമ്പര്‍ക്കത്തിലൂടെയായിരുന്നു. അതായത്, ഇക്കാലയളവില്‍ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 79.71% ഓഗസ്റ്റില്‍ മാത്രമുണ്ടായതാണ്. ഓഗസ്റ്റ് 1 മുതല്‍ 26 വരെ രോഗം ബാധിച്ചത് 35,651 പേര്‍ക്കായിരുന്നു. ജൂലൈയില്‍ അത് 12,603 മാത്രമായിരുന്നു. ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്പര്‍ക്ക ബാധിതരില്‍ ഈ മാസമുണ്ടായത് മൂന്നിരട്ടിയോളം വര്‍ധനയാണ്. സെപ്റ്റംബറില്‍ പ്രതിദിന കേസ് 10,000 വരെയെത്താമെന്ന് ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നല്‍കുമ്പോഴും ആ എണ്ണവും ഏറെയും സമ്പര്‍ക്കത്തിലൂടെയായിരിക്കുമെന്ന കൃത്യമായ സൂചനയുമുണ്ട്. ഒരുപക്ഷേ സമ്പര്‍ക്ക കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയരുന്നതും സെപ്റ്റംബറിലായിരിക്കാമെന്ന് കണക്കുകള്‍ സൂചന നല്‍കുന്നു.
ജനുവരി 30ന് കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക ബാധിതരുണ്ടായത് ഓഗസ്റ്റിലാണ്. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗബാധിതര്‍ തിരുവനന്തപുരത്തും. രണ്ടാം സ്ഥാനം മലപ്പുറത്തിനാണ്. നിലവില്‍ കോവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ മൂന്നാമത് എറണാകുളമാണ്. ആലപ്പുഴയാണ് നാലാമത്.അഞ്ചാം സ്ഥാനത്ത് കോഴിക്കോടാണ്.
ഓണക്കാലം കൂടി കണക്കിലെടുക്കുമ്പോള്‍ സമ്പര്‍ക്ക കോവിഡ് ബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നു സര്‍ക്കാര്‍തലത്തില്‍തന്നെ മുന്നറിയിപ്പ് ലഭിച്ചു കഴിഞ്ഞു. ഓഗസ്റ്റ് 26നു മാത്രം ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളിലൊഴികെ 10 ജില്ലകളിലും നൂറിനു മുകളിലാണ് കോവിഡ് സമ്പര്‍ക്ക കേസുകള്‍. അതില്‍ത്തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസം പെട്ടെന്നുണ്ടായ കോവിഡ് സമ്പര്‍ക്ക ബാധിതരുടെ കുതിച്ചുകയറ്റവും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ കോവിഡ് ക്ലസ്റ്ററുകളുടെ സൂചനയാണ് ഇവ നല്‍കുന്നത്.