ജനീവ: കോവിഡ് രോഗികള്‍ക്ക് പ്രതിരോധ മരുന്നായി ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന. സുരക്ഷാ കാരണങ്ങളാണ് മലേറിയക്ക് ഉപയോഗിക്കുന്ന മരുന്ന് നിര്‍ത്തിവച്ചതെന്നും ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അധാനം ഗബ്രയേസുസ് വ്യക്തമാക്കി.
കേരളത്തില്‍ അടക്കം കോവിഡ് രോഗികളില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നുണ്ട്. നേരത്തെ, യു.എസിലേക്ക് ഇന്ത്യയില്‍ നിന്ന് അഞ്ചു കോടി ഗുളികകളാണ് കയറ്റി അയച്ചിരുന്നത്. മരുന്നു തന്നില്ലെങ്കില്‍ ഇന്ത്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്ന യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയോടെയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായത്.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കോവിഡിനെതിരെയുള്ള ഫലപ്രദമായ മരുന്നല്ലെന്ന് കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ ജേണലായ ദ ലാന്‍സ്‌ലറ്റ് പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് കാരണമാകുന്നു എന്നായിരുന്നു പഠനത്തിലെ പ്രധാന കണ്ടെത്തല്‍. ബോസ്റ്റണിലെ ബ്രങ്ഹാം ആന്‍ഡ് വുമണ്‍സ് ഹോസ്പിറ്റലിലെ ഗവേഷക സംഘമാണ് പഠനം നടത്തിയത്.