ഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ അനുവദിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഐഎംഎ കത്തയച്ചു.
നിലവില്‍ 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലമര്‍ന്ന പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ ദൗത്യത്തില്‍ അടിയന്തരമായി മാറ്റം വരുത്തണം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കണം. കുടുംബ ക്ലിനിക്കുകള്‍ക്കും വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തണം. കുടുംബ ഡോക്ടറിന് വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തുന്നത് വാക്‌സിനേഷന്‍ ദൗത്യം കൂടുതല്‍ ഫലപ്രദമായി നടത്താന്‍ സഹായിക്കുമെന്നും ഐഎംഎ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പരിമിതമായ കാലയളവിലേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കണം. പ്രത്യേകിച്ച് സിനിമാ തിയേറ്ററുകള്‍, സാംസ്‌കാരിക, മതപരമായ പരിപാടികള്‍, കായിക പരിപാടികള്‍ തുടങ്ങി അവശ്യ സേവനമേഖലയുടെ പുറത്തുള്ള തലങ്ങളിലെങ്കിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.