X
    Categories: main stories

സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് കുതിച്ചുയരുന്നു; യുവാക്കളുടെ മരണനിരക്ക് ഒരുമാസത്തിനിടെ ഇരട്ടിയായി

ദാവുദ് മുഹമ്മദ്

കണ്ണൂര്‍ :കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 14 പേരാണ് മരിച്ചത്. ഇതിനകം 613പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതിനെക്കാള്‍ ഇരട്ടിയാണ് ഒരു കണക്കിലും ഉള്‍പ്പെടാത്തവര്‍. വൈറസ് ബാധിച്ചുമരിക്കുന്നതില്‍ കൂടുതല്‍ അറുപത് വയസിന് മുകളിലുള്ളവരാണെങ്കിലും മധ്യവയസ്‌കരുടെയും യുവാക്കളുടെയും മരണനിരക്ക് ഒരു മാസത്തിനിടെ ഇരട്ടിയായിട്ടുണ്ട്. ഇത് ഏറെ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം തിരുവനന്തപുരം ജില്ലയില്‍ എട്ട് പേരാണ് കോവിഡ് ബാധിച്ചു മരിച്ചതായി സ്ഥിരികരിച്ചത്. മലപ്പുറത്ത് 19 പേരും കോഴിക്കോട്ട് 15 പേരും മരിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു ചികിത്സക്കിടെ മരിച്ച കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇതിനെക്കാള്‍ കൂടും.

കോവിഡ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. എന്നാല്‍ പത്തനംതിട്ടയിലും ഇടുക്കിയിലും മുന്നുപേര്‍മാത്രമാണ് മരിച്ചത്. വയനാട് അഞ്ചും കോട്ടയത്ത് എട്ടുപേരും മരിച്ചിട്ടുണ്ട്. പതിനേഴ് വയസ് വരെയുള്ള മുന്നു പേരും 18 നും 40 നും ഇടയിലുള്ള 30 പേരും സര്‍ക്കാര്‍ കണക്ക് പ്രകാരം മരിച്ചിട്ടുണ്ട്. 41നും 59നും ഇടയില്‍ പ്രായമുളള വരില്‍ 143 പേരും അറുപത് കടന്നവരില്‍ 437 പേരുമാണ് ഇതിനകം മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലാണ് രാജ്യം മുഴുവന്‍ നിയന്ത്രണം ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഇതുകൊണ്ടുതന്നെ സംസ്ഥാനത്ത് ഉള്‍പ്പെടെ മരണനിരക്ക് വര്‍ധിക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്നലെ 6324 പേര്‍ക്ക്കൂടി രോഗം സ്ഥിരികരിച്ചതോടെ രോഗബാധിതരുടെ എണ്ണം 154456ആയി ഉയര്‍ന്നു. ഇതില്‍ 107850 പേര്‍ രോഗമുക്തരായി. നിലവില്‍ ചികിത്സയിലുള്ളത് 45919 പേരാണ്. ഈ മാസം ഒന്നിന് നാലുപേര്‍ മാത്രമാണ് മരിച്ചതെങ്കില്‍ സെപ്തംബര്‍ 10ന് പ്രതിദിന മരണനിരക്ക് 12 ആയി ഉയര്‍ന്നു. 20ന് മരണനിരക്ക് 16 ആയും 23ന് 20 ആയും ഉയര്‍ന്നു. എന്നാല്‍ ഇന്നലെ കോവിഡ് മരണം സ്ഥിരീകരിച്ചത് 21 ആണ്. നിയന്ത്രണത്തില്‍ ഇളവ് നല്‍കുമെങ്കിലും ജാഗ്രത കുറക്കാനാവില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

തിരുവനന്തപുരം-200, എറണാകുളം-60, കോഴിക്കോട്-60, മലപ്പുറം-60, കൊല്ലം-45, തൃശൂര്‍-40, ആലപ്പുഴ-26, കണ്ണൂര്‍-40, കോട്ടയം-08, പാലക്കാട്-26, കാസര്‍കോട്-41, പത്തനംതിട്ട-03, ഇടുക്കി-03, വയനാട്-05 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള മരണ നിരക്ക്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: