കോഴിക്കോട്: കേരളത്തിലെ കോവിഡ് വൈറസുകള്‍ക്ക് വ്യാപന ശേഷി കൂടുതലെന്ന് പഠനം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ 14 ഡോക്ടര്‍മാര്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. വ്യാപന ശേഷി കൂടുതലാണ് എങ്കിലും അസുഖം ഗുരുതരമാകാന്‍ ശേഷിയുള്ള വൈറസല്ല കേരളത്തില്‍ ഉള്ളതെന്നും പഠനം പറയുന്നു.
ഇതരസംസ്ഥാനത്തു നിന്നെത്തിയവരില്‍ നിന്നാണ് കോവിഡ് പ്രധാനമായും പകര്‍ന്നത് എന്നാണ് പഠനം പറയുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് അടുത്തിടെ ശേഖരിച്ച 200 സാംപിളുകളില്‍ 179 എണ്ണത്തില്‍ നടത്തിയ ജനിതക ശ്രേണീകരണത്തിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.
കേരളത്തില്‍ കണ്ടെത്തിയ വൈറസ് വകഭേദങ്ങളില്‍ 89 എണ്ണം ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ് എന്ന് പഠനം പറയുന്നു. ഇതില്‍ നാലെണ്ണം ലോകത്ത് ആദ്യമായാണ് കണ്ടെത്തിയത്. വടക്കന്‍ കേരളത്തില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ സംസ്ഥാനത്തെ മൊത്തം കോവിഡ് സാഹചര്യം ഇതുപോലെയാണ് എന്ന് പറയാനാകില്ല.