തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനെ മറികടന്ന് കേരളം. നിലവില്‍ കേരളത്തിലെ ആക്ടിവ് കേസുകള്‍ 48,892 ആണ്. തമിഴ്‌നാട്ടിനേക്കാള്‍ 2506 എണ്ണം കൂടുതലാണിത്. ഇന്നലെ തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തിലെ കോവിഡ് ബാധിതരുടെ പ്രതിദിന എണ്ണം ആറായിരം കടന്നിരുന്നു.6477 കേസുകളാണ് ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 6131 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.
ഒക്ടോബര്‍ പകുതി വരെ കേരളത്തില്‍ കേസുകള്‍ കൂടാനാണ് സാധ്യത എന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറഞ്ഞ ഘട്ടത്തിലാണ് കേരളത്തില്‍ തീവ്രമായത്. ഇത് ഏതാനും ആഴ്ചകള്‍ കൂടി തുടരുമെന്നാണ് വകുപ്പ് വിലയിരുത്തുന്നത്. അണ്‍ലോക്കിന്റെ ഭാഗമായി പല നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ കോവിഡ് വ്യാപന സാധ്യത വര്‍ധിക്കുകയാണ്.
സംസ്ഥാനത്തെ മിക്ക ജില്ലകളിലും കോവിഡ് ഒരുപോലെ വര്‍ധിക്കുന്നു എന്നത് കൂടുതല്‍ ഭയപ്പെടുത്തുന്ന കാര്യമാണ്. രോഗവ്യാപനത്തോടൊപ്പം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും സംസ്ഥാനത്ത് കുത്തനെ ഉയരുന്നുണ്ട്.