ന്യൂയോര്‍ക്ക്: അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ റെക്കോഡ് നിരക്കില്‍ ഉയര്‍ന്നതോടെ ലോകം വീണ്ടും ഭീതിയില്‍. ഒമിക്രോണ്‍ വകഭേദത്തിന്റെ കടന്നുവരവിന് ശേഷം ലോകവ്യാപകമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ 11 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒമിക്രോണ്‍ ഭീഷണി ഉയര്‍ന്ന തോതിലാണെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ) അറിയിച്ചു. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദ വ്യാപനക്കാലത്ത് ഉണ്ടായിരുന്നതിനെക്കാള്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ പറയുന്നു.
ഫ്രാന്‍സ്, ബ്രിട്ടന്‍, ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം റെക്കോഡ് നിരക്കില്‍ ഉയരുന്നുണ്ട്. ചൊവ്വാഴ്ച ഫ്രാന്‍സില്‍ 24 മണിക്കൂറിനിടെ 180,000ഓളം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബര്‍ 22നും 28നുമിടക്ക് ലോകത്താകമാനം 9.35 ലക്ഷത്തിലേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 2019 അവസാനം മഹാമാരി പടര്‍ന്നു തുടങ്ങിയതിന് ശേഷമുള്ള ഏറ്റയും ഉയര്‍ന്ന നിരക്കാണിത്. മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോണിന് തീവ്രത കുറവാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും പല രാജ്യങ്ങളിലും രോഗികളുടെയും ആശുപത്രികളില്‍ എത്തുന്നവരുടെയും എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
എല്ലാ രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ശക്തമാക്കിത്തുടങ്ങിയിട്ടുണ്ട്. കരുതല്‍ ഡോസ് നല്‍കാന്‍ ഊര്‍ജിത ശ്രമം തുടരുകയാണ്. പുതുവത്സരാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ കൂട്ടംചേരുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.ചൈനയിലെ ഷിയാന്‍ നഗരം തുടര്‍ച്ചയായി ഏഴാം ദിവസവും അടഞ്ഞുകിടന്നു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ആളുകളെ പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. തായ്‌ലന്‍ഡില്‍ നൂറുകണക്കിന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത ശക്തിപ്പെടുത്തി.യു.എ.ഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ രണ്ടായിരം കടന്നു. ജൂണിന് ശേഷം ഇത്രയേറെ പേര്‍ക്ക് രോഗം ബാധിക്കുന്നത് ആദ്യമാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 961 ആയി ഉയര്‍ന്നിട്ടുണ്ട്.