ഡല്‍ഹി: ജനുവരിയില്‍ കേരളത്തിലായിരുന്നു രാജ്യത്തെ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടക്കത്തില്‍ പ്രതിദിനം കുറച്ച് രോഗികള്‍ മാത്രമായിരുന്നെങ്കില്‍ പിന്നീട് വലിയ വര്‍ധനവാണുണ്ടായത്. ഇതിനോടകം തന്നെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 64,553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ 24,61,190 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1007 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്.സര്‍ക്കാര്‍ കണക്കുകളനുസരിച്ച് ഇത് വരെ 48,040 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
1.95 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇത് വരെ 17, 51, 555 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.71 ശതമാനമാണ് ഇപ്പോള്‍ രോഗമുക്തി നിരക്ക്. രോഗവ്യാപനം കുറവായിരുന്ന സമയത്ത് ലോക്ക്ഡൗണ്‍ നടപ്പിലാക്കുകയും രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്ന സമയത്ത് അണ്‍ലോക്ക് ചെയ്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആരോഗ്യവിദഗ്ധര്‍ ഇതിനോടകം തന്നെ കടുത്ത വിമര്‍ശനമാണ് രേഖപ്പെടുത്തിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സമൂഹത്തില്‍ രോഗബാധിതനാരാണെന്ന് തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.