X
    Categories: indiaNews

രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്രം

ഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് കേന്ദ്രം നിര്‍ദേശം നല്‍കിയത്. ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, കൈകളുടെ ശുചിത്വം ഉറപ്പാക്കുക, സാമൂഹികാകലം പാലിക്കുക എന്നിവ ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കേസുകളുടെ വര്‍ധനവിന് കാരണം ജനങ്ങളുടെ അലസതയാണ്.

അതിനാല്‍ രോഗവ്യാപനത്തിന്റെ നിലവിലെ സാഹചര്യവും വരാനിരിക്കുന്ന ഉത്സവാവസരങ്ങളും മുന്‍നിര്‍ത്തി കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും കര്‍ശനമായി നടപ്പാക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നിര്‍ദേശിക്കുന്നു.

സാമൂഹിക ഒത്തുചേരലുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും, കൂടാതെ കൂടുതല്‍ രോഗവ്യാപനമുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ പോലെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുമാണ് സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം. ഇന്നലെ 40,953 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2020 നവംബര്‍ 29 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധിതരുടെ നിരക്കാണിത്.

 

Test User: