കോവിഡിന് പല തരത്തിലുള്ള ലക്ഷണങ്ങളുണ്ട്. ഏതൊക്കെ ലക്ഷണങ്ങള്‍ കോവിഡിലേക്ക് നയിക്കാം എന്നതു സംബന്ധിച്ച് ഇപ്പോഴും ലോകമൊട്ടുക്കു പഠനങ്ങള്‍ നടക്കുന്നു. അതുകൊണ്ടു തന്നെ പല തരത്തിലുള്ള അസ്വസ്ഥതകള്‍ വരുമ്പോഴെല്ലാം ആശങ്കയുടെ പനി പനിക്കാറുണ്ട് നമുക്ക്. ഇത് കോവിഡാണോ എന്ന സംശയം എന്തു തരം അസ്വസ്ഥത വരുമ്പോഴും നമ്മെ പിടിച്ചുലക്കും. അത്രമേല്‍ ലക്ഷണങ്ങളുള്ള രോഗമായതു കൊണ്ടു കൂടിയാണത്.
ഈ അന്വേഷണങ്ങള്‍ക്ക് ഇപ്പോഴും അവസാനമായിട്ടില്ല. കോവിഡ് ലക്ഷണങ്ങളുടെ കാര്യത്തില്‍ പോലും കൃത്യമായൊരു നിഗമനത്തിലേക്ക് നമുക്കെത്താനാകില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചില പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ലക്ഷണങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊന്നു കൂടി ഉള്‍പെടുന്ന പുതിയ പഠനം പുറത്തു വന്നിട്ടുണ്ട്. മനുഷ്യ തൊലിയുടെ പുറത്തു കാണുന്ന ചുവന്ന തടിപ്പ്, അടയാളങ്ങള്‍ എന്നിവയും കോവിഡിന്റെ ലക്ഷണങ്ങളാകാം എന്ന് പുതിയ പഠനം പറയുന്നു. ഇറ്റലി, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിന് പിന്നില്‍.
ഇറ്റലിയില്‍ 88 കോവിഡ് രോഗികളില്‍ 18 പേരിലും ലക്ഷണമായി തൊലിപ്പുറത്ത് ചുവന്ന തടിപ്പോ, പാടുകളോ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. കോവിഡിന്റെ മറ്റ് ലക്ഷണങ്ങളൊന്നും കാണിക്കാതിരുന്ന ചിലരില്‍ പക്ഷേ, തൊലിപ്പുറത്ത് പ്രകടമാകുന്ന ഈ ലക്ഷണം കണ്ടെത്തിയെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്തായാലും കൊവിഡ് കാലത്ത് ചര്‍മ്മത്തില്‍ കാണപ്പെടുന്ന പുതിയ തടിപ്പ്, കുരുക്കള്‍, പാടുകള്‍ എന്നിവ നിസാരമായി അവഗണിക്കേണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകളൊക്കെ തന്നെ സൂചിപ്പിക്കുന്നത്.