തിരുവനന്തപുരം: നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചു കാണിക്കാനുള്ള ആരോഗ്യവകുപ്പിന്റെ തന്ത്രത്തിന് തടയിട്ട് കോവിഡ് വിദഗ്ധ സമിതി. പ്രതിദിന കോവിഡ് രോഗികളുടെ കാര്യത്തില്‍ രാജ്യത്ത് മുന്നിലുള്ള കേരളത്തില്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ചുകാണിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ഇതോടെ പൊളിഞ്ഞു.
തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ സകല മേഖലയിലും തട്ടിപ്പും തിരിമറിയും നടത്തുന്ന ഇടത് സര്‍ക്കാര്‍, കോവിഡ് കണക്കിന്റ കാര്യത്തില്‍ നടത്തിയ കള്ളക്കളിയാണ് വിദഗ്ധ സമിതിയുടെ ഇടപെടലോടെ പാളിയത്. മാസങ്ങളായി രേഖപ്പെടുത്താതിരുന്ന നെഗറ്റീവായവരുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ കള്ളക്കളി കണ്ടെത്തിയ കോവിഡ് വിദഗ്ധ സമിതി, ഇതു ശരിയല്ലെന്നും തിരുത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ‘നേട്ടങ്ങള്‍’ കാരണം, നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ള കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിനുമേലെയാണ്. അതായത് സംസ്ഥാനത്ത് 100 പേരില്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ പത്തിലേറെപേര്‍ കോവിഡ് പോസ്റ്റിവാകുന്നു. രാജ്യത്ത് ഇത് രണ്ടിന് താഴെയാണ്. രാജ്യത്തിനു തന്നെ ആശങ്കയായി കേരളം മാറിയതോടെയാണ്, മുഖം രക്ഷിക്കാന്‍ കള്ളക്കണക്കുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്.
കേരളത്തിന്റെ സ്ഥിതി മോശമാകുന്നുവെന്ന് ബോധ്യപ്പെട്ടതോടെ ഇടപെട്ട കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ കേന്ദ്രം നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന് പിറകെ, ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമാക്കുമെന്നും അതില്‍ 75000 ഉം ആര്‍.ടി.പി.സി.ആര്‍ ആയിരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ അതിനാവശ്യമായ ലാബുകളുടെ ശേഷി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ സംസ്ഥാനത്തില്ല. ഇതോടെയാണ് ടെസ്റ്റുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും കള്ളക്കണക്കുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയത്.
ഫെബ്രുവരി രണ്ടിന് പരിശോധനകളുടെ എണ്ണം 52,940 ഉം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.73 ഉം ആയിരുന്നു. മൂന്നിന് പരിശോധനകളുടെ എണ്ണം 59,635 ആയി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66. ഈ വേളയിലായിരുന്നു കേന്ദ്ര സംഘമെത്തിയതും മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടായതും. പിന്നാലെ പരിശോധനകളുടെ എണ്ണം കുതിച്ചുയര്‍ന്ന് 84,000ലെത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ നിന്നു 7.26 ലേക്കും കുറഞ്ഞു. 5ന് പരിശോധനകളുടെ എണ്ണം 90,000 കടന്നെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ കണക്കുകള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറിന് താഴെയാണെന്ന കണക്കുകളും പുറത്തുവന്നു.
കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശന വേളയില്‍, നേരത്തേ രേഖപ്പെടുത്താതെ പോയ കോവിഡ് പരിശോധനാഫലങ്ങള്‍ പ്രതിദിന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ അധികൃതര്‍ക്കു ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയാണ് ‘അഭിമാനകരമായ നേട്ട’ത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കേന്ദ്ര സംഘം മടങ്ങിയതോടെ ടെസ്റ്റുകളുടെ എണ്ണം കുറഞ്ഞു. രേഖപ്പെടുത്താതെ പോയ നെഗറ്റീവ് രോഗികളുടെ വിവരങ്ങള്‍ ഉള്‍ക്കൊളളിക്കുന്നുണ്ടെങ്കില്‍ അത് പ്രത്യേകമായി കാണിക്കണമെന്നും പ്രതിദിന പരിശോധനകളുടെ കൂട്ടത്തില്‍ പെടുത്തരുതെന്നുമാണ് വിദഗ്ധസമിതി നിര്‍ദേശം. ഇതോടെ പരിശോധനകളുടെ യഥാര്‍ത്ഥ കണക്കു പുറത്തുവന്നു. 47,927 പരിശോധനകള്‍ മാത്രമാണ് ഇന്നലെ നടന്നത്. അതിന് മുമ്പുള്ള ദിവസം പരിശോധന 65,517 ആയിരുന്നു.