X
    Categories: indiaNews

കോവിഡ് കാലത്തെ കുതിപ്പ്;ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഇരട്ടി വളര്‍ച്ച

കോവിഡ് അടച്ചിടല്‍ കാലത്ത് ഓണ്‍ലൈനിലൂടെ സജീവമായ ഇ കൊമേഴ്‌സ് വ്യാപാരം നേടിയത് ഇരട്ടി വളര്‍ച്ച. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ മറികടന്ന മേഖല 77 ശതമാനം വളര്‍ച്ചയാണ് നേടിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 42 ശതമാനമാണിത്. അടുത്ത രണ്ടു വര്‍ഷത്തിനകം വ്യാപാരം 100 ബില്യണ്‍ കടക്കുമെന്നാണ് വിലയിരുത്തല്‍. വ്യാപാര വളര്‍ച്ച 85 ശതമാനം കടക്കും.

ആമസോണും ഫഌപ്പ്കാര്‍ട്ടും അടക്കമുള്ള വ്യാപാര സൈറ്റുകള്‍ വഴി ഈ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ മാത്രം 46,000 കോടി ഡോളറിന്റെ വില്‍പനയാണ് നടത്തിയത്. ഈ ഒക്ടോബറില്‍ നടന്ന ഓഫര്‍ കാര്‍ണിവലില്‍ ഫഌപ്പ്കാര്‍ട്ടും ആമസോണും അടക്കമുള്ള മുന്‍നിര കമ്പനികള്‍ 32,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് വിറ്റഴിച്ചു. ഇതില്‍ 64 ശതമാനം വിപണി വിഹിതം ഫഌപ്പ്കാര്‍ട്ട് സ്വന്തമാക്കിയപ്പോള്‍ ആമസോണിനൊപ്പം ടാറ്റാ ക്ലിക്, റിലയന്‍സ് ജിയോ മാര്‍ട്ട് എന്നിവയും മുന്നില്‍ നിന്നു.

2020ന്റെ അവസാനം മുതലാണ് രാജ്യത്ത് ഇ കൊമേഴ്‌സ് ആപ്പുകള്‍ ഉപയോഗിച്ചുള്ള വ്യാപാരത്തില്‍ കുതിപ്പുണ്ടായത്. ഈ വര്‍ഷം ജൂലൈയിലെ കണക്കനുസരിച്ച് എട്ടു കോടി പേര്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇതുവഴി സജീവമായവരാണ് ഓണ്‍ലൈന്‍ വ്യാപാരത്തിന് കരുത്തായത്. ഇതിന് പുത്തന്‍തലമുറ സ്റ്റാര്‍ട്ടപ്പുകളും സഹായകമായി.

ഇന്റര്‍നെറ്റ് അധിഷ്ഠിത സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ് ഈ കുതിച്ചുചാട്ടത്തിലേക്ക് നയിച്ചതെന്ന് ഇ കൊമേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുസംരംഭകരുടെ രംഗപ്രവേശനത്തിനൊപ്പം സാങ്കേതികവിദ്യാ പ്രചാരണവും ഇതിന് കരുത്തേകി. സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗപ്പെടുത്തി നടത്തുന്ന ഇ കൊമേഴ്‌സ് വ്യാപാരം വലിയതോതില്‍ വിജയം കാണുകയും ചെയ്തു.

ഓണ്‍ലൈന്‍ വ്യാപാരത്തിലെ ചതിക്കുഴികളുടെ ആധിക്യം ഇല്ലാതാക്കാന്‍ മുന്‍നിര കമ്പനികള്‍ തയ്യാറായതാണ് ഇ കൊമേഴ്‌സിന് ശക്തി പകര്‍ന്നത്. വ്യാജ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതും വൈകിയുള്ള ഡെലിവറിയും അവസാനിപ്പിച്ചതോടെ ഉപഭോക്താക്കളുടെ വിശ്വാസ്യത ഏറി. ലാഭം മാത്രമല്ല ഉല്‍പ്പന്നത്തിന്റെ ഗുണനിലവാരവും ഒത്തുവന്നപ്പോള്‍ കടകളെ ആളുകള്‍ കൈവിട്ടു. വിതരണസംവിധാനത്തിലെ വ്യാപനമാണ് മറ്റൊരു അനുകൂല ഘടകമായത്. പിന്‍കോഡ് അനുസരിച്ചുള്ള വിതരണത്തിന് കൂടുതല്‍ ചെറുകിട ഏജന്‍സികള്‍ തയ്യാറായതോടെ ഉല്‍പ്പന്നം വീട്ടില്‍ ലഭിക്കാനുള്ള കാലതാമസം കുറഞ്ഞു. പ്രമുഖ ബ്രാന്‍ഡുകള്‍ ഇ കൊമേഴ്‌സ് വിപണിയില്‍ മുഖം കാണിച്ചതും കച്ചവടം കൂട്ടി. സാഹചര്യത്തിന്റെ പ്രതിഫലനമാണ് ഇ കൊമേഴ്‌സ് വിപണി വളര്‍ച്ചയില്‍ കണ്ടത്. എന്നാല്‍ സാഹചര്യം മാറിയാലും ഓണ്‍ലൈന്‍ വ്യാപാരം വളര്‍ച്ചയുടെ പാതയിലായിരിക്കുമെന്നും ഇത് ശീലമാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 

 

Test User: