X
    Categories: Health

ശ്രദ്ധിക്കുക, കോവിഡ് ദീര്‍ഘകാലത്തേക്ക് ഈ ആറ് അവയവങ്ങളെ ബാധിക്കാം

കോവിഡ് ബാധിക്കപ്പെട്ടവരിലെ രോഗലക്ഷണങ്ങള്‍ പലതരത്തില്‍ ആകാം. ചിലര്‍ക്ക് ലക്ഷണങ്ങള്‍ സങ്കീര്‍ണമാകാം. ചിലര്‍ക്ക് അത്ര തീവ്രമായിരിക്കില്ല രോഗബാധ. ചിലര്‍ക്കാകട്ടെ ലക്ഷണങ്ങള്‍ പോലും ഉണ്ടായെന്നു വരില്ല. കോവിഡ് വരുമ്പോഴുണ്ടാകുന്ന തീവ്രത ഏതുവിധത്തില്‍ ആണെങ്കിലും ഈ മഹാമാരി മനുഷ്യശരീരത്തിലെ ചില അവയവങ്ങളെ ഗുരുതരമായ തരത്തില്‍ ബാധിക്കും.

പ്രധാനമായും ആറ് അവയവങ്ങളെയാണ് കൊറോണവൈറസ് നോട്ടമിടുന്നത്. അവയ്ക്ക് കോവിഡ് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ നിസ്സാരമല്ല. ഇതില്‍ ആദ്യത്തേത് നമ്മുടെ ശ്വാസകോശം തന്നെയാണ്. കോവിഡ് രോഗ മുക്തരായ പലരും ക്ഷീണവും നെഞ്ചുവേദനയും ശ്വാസംമുട്ടലും തുടര്‍ന്നും തങ്ങള്‍ക്ക് അനുഭവപ്പെട്ടതായി പറയുന്നു.

കരളിലെ കോശങ്ങളും കോവിഡിനെ ദീര്‍ഘകാല പ്രത്യാഘാതം ബാധിക്കപ്പെടാവുന്നവയാണ്. കോവിഡ് രോഗമുക്തരില്‍ കരള്‍ രസങ്ങളുടെ തോത് ഉയരുന്നതായും അസാധാരണ കരള്‍ പ്രവര്‍ത്തനം ഉണ്ടാകുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കോവിഡ് ഇളക്കിവിടുന്ന സൈറ്റോകീന്‍ പ്രവാഹത്തില്‍ പല രോഗികളുടെയും കരളിന്റെ പ്രവര്‍ത്തനം പഴയതു പോലെ ആയില്ലെന്നും വരാം. കോവിഡ് കാലത്തു കഴിക്കുന്ന മരുന്നുകളും കരളിന്റെ ആരോഗ്യത്തിന് കോട്ടം ഉണ്ടാക്കാം.

ദീര്‍ഘകാലത്തേക്ക് കോവിഡ് രോഗബാധിതരുടെ ഹൃദയാരോഗ്യത്തെയും കോവിഡ് താളം തെറ്റിക്കാം. രക്തത്തില്‍ ക്ലോട്ടുകള്‍ രൂപപ്പെടാനും ഹൃദയസ്തംഭനം ഉണ്ടാകാനും കൊറോണോ വൈറസ് ബാധ മൂലം കഴിയും. കോവിഡ് രോഗ മുക്തരില്‍ കണ്ടുവരുന്ന മറ്റൊരു പ്രശ്‌നം കിഡ്‌നിയുടെ മന്ദഗതിയിലുള്ള പ്രവര്‍ത്തനമാണ്. മൂത്രത്തിന്റെ അളവ് കുറയുന്നതും മൂത്രമൊഴിക്കലിന്റെ ആവൃത്തി കുറയുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ഡോക്ടര്‍മാര്‍ പറയുന്നു.

തലച്ചോറാണ് ദീര്‍ഘകാലത്തേക്ക് ബാധിക്കപ്പെടാവുന്ന മറ്റൊരു അവയവം. കോവിഡ് രോഗമുക്തരില്‍ പലരും തലവേദന, തലകറക്കം, കാഴ്ച മങ്ങല്‍, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അല്‍സ്‌ഹൈമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ രോഗങ്ങളും കോവിഡിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളുടെ സാധ്യത പട്ടികയില്‍ ഉണ്ട്.
വയറും കുടലുകളും ആണ് കോവിഡ് പ്രഹരം ഏല്‍പ്പിക്കുന്ന മറ്റൊരിടം. കോവിഡ് രോഗലക്ഷണങ്ങളായ അതിസാരം, ഛര്‍ദ്ദി, മനം മറിച്ചില്‍, വിശപ്പില്ലായ്മ, വയറുവേദന തുടങ്ങിയവ രോഗമുക്തിക്ക് ശേഷവും പലരിലും തുടരുന്നുണ്ട്.

 

Test User: