കൊച്ചി: കോവിഡ് പ്രതിസന്ധി സ്വര്‍ണഖനനത്തില്‍ വന്‍ ഇടിവുണ്ടാക്കിയെന്ന് കണക്കുകള്‍. തൊഴിലാളികളുടെ ലഭ്യതക്കുറവും കുതിച്ചുകയറിയ ഉല്‍പാദനച്ചെലവും പുതിയ ഖനികള്‍ തുറക്കുന്നതിനും തടസ്സമാവുന്നു. ഈ വര്‍ഷം ആദ്യ മൂന്നുമാസത്തില്‍ ഉല്‍പാദനത്തില്‍ മൂന്ന് ശതമാനത്തിന്റെ കുറവുണ്ടായതായി കണക്കാക്കപ്പെടുന്നു. ആകെ ഖനനം ചെയ്തത് 795.8 ടണ്‍ മാത്രം. 2015ന് ശേഷമുള്ള ഏറ്റവും കനത്ത ഇടിവാണിത്. സ്വര്‍ണഖനനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ ഉല്‍പാദനത്തില്‍ 12 ശതമാനത്തിന്റെ കുറവുണ്ടായി.
ചില രാജ്യങ്ങള്‍ ഖനനം പുനരാരംഭിച്ചെങ്കിലും ഉല്‍പാദനത്തില്‍ പ്രതിക്ഷിച്ച വര്‍ധന കൈവരിക്കാനായിട്ടില്ല. ദക്ഷിണാഫ്രിക്ക നേരിട്ടത് 11 ശതമാനം ഇടിവാണ്. എന്നാല്‍ ഇക്വഡോര്‍, കാനഡ, ബുര്‍ക്കിനഫാസോ എന്നീ രാജ്യങ്ങള്‍ ഉല്‍പാദനത്തില്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പുതിയ ഖനികള്‍ നേരത്തെ തന്നെ കണ്ടെത്താനായതാണ് ഇവരുടെ നേട്ടമായത്.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയാല്‍ മാത്രമേ സ്വര്‍ണഖനികളുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാവുകയുള്ളൂ. ഖനികളില്‍ നിന്നുള്ള ലഭ്യത പാരമ്യത്തിലാണെന്ന് 2017ല്‍ തന്നെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പറഞ്ഞിരുന്നു. ഈ അവസ്ഥക്ക് പീക്ക് ഗോള്‍ഡ് എന്നാണ് പറയുന്നത്. ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഇതുവരെ 190,040 ടണ്‍ സ്വര്‍ണം ഖനനം ചെയ്തിട്ടുണ്ട്. ഭൂമിയുടെ അടിത്തട്ടില്‍ ഇനിയും 54,000 ടണ്‍ സ്വര്‍ണം ഖനനം ചെയ്യാനുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഖനനം ചെയ്‌തെടുക്കുന്ന സ്വര്‍ണ മണല്‍ത്തരികള്‍ ശുദ്ധീകരിക്കുമ്പോള്‍ നേരത്തെ 10 ഗ്രാം ശുദ്ധ സ്വര്‍ണം ലഭിച്ചിരുന്ന സ്ഥാനത്ത് നിലവില്‍ അത് 1.5 ഗ്രാം ആയി കുറഞ്ഞിട്ടുണ്ട്.
ഖനനത്തില്‍ വന്‍ തോതിലുണ്ടായ കുറവ് സ്വര്‍ണവിലയില്‍ കാര്യമായ വര്‍ധനവിന് കാരണമാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ കോവിഡ് പ്രതിസന്ധി രൂക്ഷമായ സമയത്ത് ഓഗസ്റ്റ് ആദ്യവാരത്തില്‍ സ്വര്‍ണവില പവന് 42,000 രൂപ വരെ ഉയര്‍ന്നിരുന്നു. പിന്നീട് കോവിഡ് വാക്‌സിന്‍ സംബന്ധിച്ച ശുഭവാര്‍ത്തകള്‍ വന്നതോടെയാണ് വില താഴേക്ക് വന്നത്. ഉല്‍പാദനത്തിലുണ്ടായ വലിയ കുറവ് വന്‍തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ കുതിപ്പ് തന്നെയുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.