X
    Categories: Newsworld

കോവിഡ് ചികിത്സക്കിടെ ആശുപത്രിയില്‍ നിന്നിറങ്ങി ഡൊണാള്‍ഡ് ട്രംപ്; പ്രതിഷേധം

വാഷിങ്ടണ്‍; ചികിത്സയില്‍ തുടരുന്നതിനിടെ ആശുപത്രിയില്‍ നിന്നിറങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ട് ദിവസം മുമ്പാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പോസിറ്റീവാണെന്ന വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടതും. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച് ആശങ്ക ഉയര്‍ത്തുന്ന തരത്തിലുള്ള പല റിപ്പോര്‍ട്ടുകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് ട്രംപ് പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടതെന്നും ശ്രദ്ധേയമാണ്. എന്നാല്‍ ഇതിരെ പ്രതിഷേധവുമായി ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.

കോവിഡ് ചികിത്സയില്‍ തുടരുന്നതിനിടെ അനുയായികളെ കാണാനാണ് ട്രംപ് ആശുപത്രിയില്‍ നിന്നിറങ്ങിയത്. ആരോഗ്യനില സംബന്ധിച്ച് പല തരം അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് ആശുപത്രി വാസത്തിന് ഹ്രസ്വ ഇടവേള നല്‍കി അദ്ദേഹം പുറത്തിറങ്ങിയിരിക്കുന്നത്.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ മഹാമാരിയില്‍ രാജ്യത്ത് മരണത്തിന് കീഴടങ്ങിയത്. വൈറസിന്റെ വ്യാപനം ഇപ്പോഴും രൂക്ഷമായ രാജ്യത്ത് അതേ രോഗത്തിന് ചികിത്സയിലിരിക്കുന്ന ട്രംപിുന്റെ നടപടി വിവാദം ഉയര്‍ത്തിയിട്ടുണ്ട്.

ആരോഗ്യപ്രതിരോധ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന നടപടിയാണ് ട്രംപിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നാണ് വിമര്‍ശനം. കോവിഡ് പോസിറ്റീവാണെന്ന് അറിയിച്ച അന്നു തന്നെ നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ട്രംപിനെ വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരുന്നു. നിലവില്‍ അവിടെ ചികിത്സയില്‍ തുടരുകയാണ് അദ്ദേഹം.

ഇതിനിടെയാണ് ആശുപത്രിക്ക് പുറത്ത് സംഘടിച്ച അനുയായികളെ കാണാന്‍ ട്രംപ് പുറത്തിറങ്ങിയത്. ബുള്ളറ്റ് പ്രൂഫ് കാറില്‍ സുരക്ഷ അകമ്പടികളോട ഇറങ്ങിയ അദ്ദേഹം തന്നെ പിന്തുണയ്ക്കുന്നവരെ കൈവീശി കാണിക്കുകയും ചെയ്തു.

അതേസമയം ട്രംപിന്റെ ഇത്തരമൊരു നടപടിക്കെതിരെ ആരോഗ്യവിദഗ്ധരില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതിവേഗം വ്യാപിക്കുന്ന വൈറസ് ആയതിനാല്‍ രോഗം ബാധിച്ച വ്യക്തികള്‍ക്ക് ഐസലേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ രാജ്യത്തെ ഭരണാധികാരി തന്നെ പൊതുജനാരോഗ്യ നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന വിമര്‍ശനമാണ് ഇവര്‍ ഉയര്‍ത്തിയത്.

തികച്ചും അനാവശ്യമായ ‘പ്രസിഡന്‍ഷ്യല്‍ ഡ്രൈവ്‌ബൈ’ ആണ് ട്രംപ് നടത്തിയതെന്നാണ് ജോര്‍ജ്ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ദുരന്ത വൈദ്യശാസ്ത്ര വിഭാഗം മേധാവി ജെയിംസ് ഫിലിംസ് വിമര്‍ശിച്ചത്. ആ സമയത്ത് വാഹനത്തിലുണ്ടായിരുന്ന ഓരോ വ്യക്തിയും 14 ദിവസത്തേക്ക് ക്വാറന്റീനില്‍ പോകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അറിയിച്ചു.

 

chandrika: