വാഷിംഗ്ടണ്‍: കോവിഡ് 19 ബാധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് റിപ്പോര്‍ട്ടുകള്‍.
മേരിലാന്റിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് നിലവില്‍ ട്രംപ് ചികിത്സയില്‍ കഴിയുന്നത്. ട്രംപിന് വരും ദിവസങ്ങള്‍ നിര്‍ണായമാണെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. 74 വയസുകാരനാണ് ട്രംപ്.
കോവിഡ് പോസിറ്റീവായതിന് ശേഷവും ട്രംപ് ആശുപത്രിയിലേക്ക് മാറാന്‍ ആദ്യം തയാറായില്ലെന്നാണ് ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. നിലവില്‍ പനിയും ചുമയും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നാണ് വിവരം.
ട്രംപിന് ജീവിതശൈലീ രോഗങ്ങളും അമിത ശരീരഭാരവും വലിയ ഭീഷണി ഉയര്‍ത്തുണ്ട്. ആറടി മൂന്നിഞ്ച് ഉയരമുള്ള ട്രംപിന് 111 കിലോഗ്രാം തൂക്കമുണ്ട്. ഒപ്പം കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങളും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജൂണില്‍ പ്രസിഡന്റിന് നടത്തിയ പതിവ് പരിശോധനയിലെ വിവരങ്ങളാണിത്.
പ്രായവും അസുഖങ്ങളും പരിഗണിച്ചാല്‍ അദ്ദേഹം ഹൈ റിസ്‌ക് വിഭാഗത്തിലുള്ള രോഗിയാണ്. ഇതാണ് ഡോക്ടര്‍മാരെ ആശങ്കയിലാക്കുന്നത്. യുഎസിലെ ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം അമിതഭാരമുള്ള 48 ശതമാനം കോവിഡ് ബാധിതരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഇത്തരക്കാര്‍ക്ക് രോഗം പിടിപെട്ട് അഞ്ച് മുതല്‍ ഏഴ് ദിവസം കഴിയുമ്പോഴാണ് ആരോഗ്യസ്ഥിതി മോശമാകുന്നത്. ഇത് പരിഗണിച്ചാണ് ട്രംപിന് വരും ദിവസങ്ങള്‍ നിര്‍ണായകമാണെന്ന വിലയിരുത്തല്‍ ഡോക്ടര്‍മാര്‍ നടത്തുന്നത്. വെള്ളിയാഴ്ചയാണ് ട്രംപിനും ഭാര്യ മെലാനിയയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയത് ആരോഗ്യസ്ഥിതി പരിഗണിച്ചാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രസിഡന്റിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെലാനിയ വൈറ്റ് ഹൗസില്‍ തന്നെ തുടരുകയാണ്. ചുമയും പനിയും മെലാനിയയെയും അലട്ടുന്നുണ്ട്. എങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന് ട്രംപ് വീഡിയോ സന്ദേശത്തിലൂടെ ഇന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രിയില്‍ എത്തിയ ശേഷം നില മെച്ചപ്പെട്ടുവെന്നും നിലവില്‍ പനിയില്ലെന്നും അദ്ദേഹം പറഞ്ഞു.