കോവിഡിന്റെ ഡെല്‍റ്റ വകഭേദം നുറോളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. യഥാര്‍ത്ഥ സാര്‍സ് കോവ്2 വൈറസിനേക്കാള്‍ രണ്ടര മടങ്ങ് വ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റ വകഭേദം അമേരിക്ക, യുകെ, റഷ്യ, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ രോഗവ്യാപനത്തിന് കാരണമാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
വൈറസ് വകഭേദങ്ങളുടെ ജീനോമുകളെ ട്രാക്ക് ചെയ്യുന്ന ജിഐഎസ്എഐഡി കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ കഴിഞ്ഞ നാലാഴ്ച സീക്വന്‍സ് ചെയ്ത 224 കേസുകളില്‍ 67 ശതമാനവും ഡെല്‍റ്റ വകഭേദവുമായി ബന്ധപ്പെട്ടതാണ്. 78 രാജ്യങ്ങളില്‍ നിന്നുള്ള ജിഐഎസ്എഐഡി ഡേറ്റയും ഡെല്‍റ്റ അതിവേഗം വ്യാപിക്കുന്നതായി സൂചന നല്‍കുന്നു.
ഡെല്‍റ്റ വകഭേദം മൂലം ചില രാജ്യങ്ങളില്‍ കേസുകളുടെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വരും മാസങ്ങളില്‍ ലോകത്തെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഡെല്‍റ്റ മാറുമെന്നും ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.