X

സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ ഉയരുന്നു; ഇന്ന് മരിച്ചത് 12 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനൊപ്പം കോവിഡ് മരണങ്ങളും ഉയരുന്നു. ഇന്ന് കോവിഡ് രോഗബാധിതരായി 12 മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നാല് പേരും കാസര്‍കോട് ജില്ലയില്‍ രണ്ട് പേരും തൃശൂര്‍, വയനാട്, കണ്ണൂര്‍, ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗബാധിതരായി മരിച്ചത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ ഉള്‍പ്പടെ നാല് പേര്‍ തിരുവനന്തപുരത്ത് മാത്രം മരിച്ചു. സെന്‍ട്രല്‍ ജയിലിലെ വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠനാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചത്. 72 വയസ്സായിരുന്നു. ചിറയന്‍കീഴ് പരവൂരില്‍ വെള്ളിയാഴ്ച മരിച്ച 76 കാരിയായ കമലമ്മയുടെ ആര്‍ടിപിസിആര്‍ ഫലമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനഫലം നെഗറ്റീവായിരുന്നതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയും സംസ്‌കരിക്കുകയും ചെയ്തിരുന്നു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ഇന്നലെ രാത്രി മരിച്ച 58 കാരിയായ രമാദേവിയുടെ പരിശോധഫലവും പോസിറ്റീവാണ്. വെട്ടൂര്‍ സ്വദേശിയായ മഹദാണ് തിരുവനന്തപുരത്ത് മരിച്ച നാലാമത്തെയാള്‍.

കാസര്‍കോട് സ്വദേശി മോഹനന്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ ചികിത്സയിലായിരുന്ന 7 മാസം പ്രായമായ കുട്ടിയും രോഗബാധിതയായി മരിച്ചു. ബളാല്‍ സ്വദേശി റിസ ആണ് മരിച്ചത്.

തൃശൂരിലും മലപ്പുറത്തും വയനാടും കണ്ണൂരും ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് മറ്റ് മരണങ്ങള്‍. പരപ്പനങ്ങാട് സ്വദേശി ഫാത്തിമയാണ് മലപ്പുറത്ത് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വയനാട് വാളാട് സ്വദേശിയായ ആലിയാണ് മാനന്തവാടി ആശുപത്രിയില്‍ മരിച്ചത്. ആലപ്പുഴയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോടെ കോവിഡ് ചികിത്സയിലായിരുന്ന പത്തിയൂര്‍ സ്വദേശി സദാനന്ദന്റെ മരണവും കോവിഡ് ബാധിച്ചാണ്.

പത്തനംതിട്ടയില്‍ കോന്നി സ്വദേശിയായ ഷെബര്‍ബാനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലാണ് മരണം. കണ്ണൂരില്‍ കണ്ണപുരം സ്വദേശി കൃഷ്ണനാണ് മരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂരില്‍ ഒരു കോവിഡ് മരണം കൂടിയുണ്ടായി. കൊടുങ്ങല്ലൂര്‍ സ്വദേശി ശാരദ (70) ആണ് മരിച്ചത്. അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്.

Test User: