X

കോവിഡ് ബാധിച്ച് മരിച്ചയാളെ ഖബറടക്കാന്‍ സമ്മതിച്ചില്ലെന്ന് മഹല്ല് കമ്മിറ്റിക്കെതിരെ വ്യാജപ്രചാരണവുമായി സിപിഎം മുഖപത്രം

കോഴിക്കോട്: കോവിഡ് ബാധിച്ചു മരിച്ചയാളെ നല്ലളം പഴയ ജുമാ മസ്ജിദിലെ ഖബര്‍സ്ഥാനില്‍ മറവു ചെയ്യാന്‍ സമ്മതിച്ചില്ലെന്ന തരത്തില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി അറിയിച്ചു. സത്യവുമായി യാതൊരു ബന്ധവുമില്ലാത്തതാണിത്. ഇങ്ങനെയൊരാള്‍ മരിച്ച വിവരം നല്ലളം പഴയ ജുമുഅത്ത് പള്ളി ഭാരവാഹികളെയോ കമ്മിറ്റി അംഗങ്ങളെയോ അറിയിക്കുകയോ പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്യാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല.

ആരെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കില്‍ നിഷേധിക്കുന്ന പ്രശ്‌നവും കമ്മിറ്റിയെ സംബന്ധിച്ചിടത്തോളം ഇല്ല. കമ്മ്യൂണിസ്റ്റുകള്‍ക്കും മതവിരുദ്ധര്‍ക്കും ഖബര്‍സ്ഥാന്‍ നിഷിദ്ധമാക്കി എന്ന് വാര്‍ത്തയില്‍ പറഞ്ഞതും തെറ്റാണ്. നല്ലളം പഴയ ജുമുഅത്ത് പള്ളി കമ്മിറ്റി നിലവില്‍ വന്നതിന് ശേഷം ഇതുവരെ ഇങ്ങനെയൊരു സംഭവമുണ്ടായിട്ടില്ല. മുസ്‌ലിംലീഗും സിപിഎമ്മുള്‍ ഉള്‍പെടെ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ഒരു വലിയ സമൂഹം ഉള്‍ക്കൊള്ളുന്നതാണ് നല്ലളം പഴയ ജുമുഅത്ത് പള്ളി മഹല്ല്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേകമായ മമതയോ വിരോധമോ വെച്ചു പുലര്‍ത്താതെ തികച്ചും സുതാര്യമായാണ് മഹല്ല് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ദേശാഭിമാനി തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ കമ്മിറ്റിക്കും നാട്ടുകാര്‍ക്കും ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രസിഡന്റ് എംസി മായിന്‍ ഹാജിയും സെക്രട്ടറി എ അലവിയും അറിയിച്ചു.

web desk 1: