X

ശമ്പളമില്ല, വിവേചനവും; കോവിഡ് ഡ്യൂട്ടി ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍

കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനത്തില്‍ വിശ്വസിച്ച് ആരോഗ്യ വകുപ്പിന്റെ കീഴില്‍ കൊവിഡ് ഡ്യൂട്ടിയില്‍ പ്രവേശിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ ചെയ്ത ജോലിക്ക് ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. വിവേചനവും ചൂഷണവും കാണിച്ച് കോവിഡ് ഡ്യൂട്ടി ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ശമ്പളവും തസ്തികയും നിശ്ചയിച്ച് സര്‍വീസ് ചട്ടം നടപ്പാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വിഷയത്തില്‍ സര്‍ക്കാറില്‍ നിന്നും മറുപടി ലഭിക്കാതെ തുടര്‍പ്രവര്‍ത്തനത്തിന് തയാറാവില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 2014 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ജൂനിയര്‍ ഡോക്ടര്‍മാരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്നത്. ഏത് പോസ്റ്റിലാണ് തങ്ങളെ നിയമിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 2020 മാര്‍ച്ചില്‍ ഹൗസ് സര്‍ജന്‍സി കഴിയേണ്ട ബാച്ചാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍് 20 ദിവസം കൂടി നീട്ടകയും ഇതിന് പിന്നാലെ പോസ്റ്റിങ് 3 മാസത്തേക്ക് കൂടി നീട്ടയത്. പിന്നീടായിരുന്നു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നും ഓഡറും പെര്‍മനന്റ് രജിസ്‌ട്രേഷനും ലഭിച്ചത്. ജൂലൈ മാസത്തോടെ എല്ലാവരും ജോലിക്ക് കയറി. ഒരു മാസം കഴിഞ്ഞിട്ടും ഞങ്ങളുടെ തസ്തിക സംബന്ധിച്ചോ ശമ്പളം സംബന്ധിച്ചോ ഒരു വ്യക്തതയുമില്ലായിരുന്നു. ജോലിക്ക് കയറണമെന്ന് അറിയിച്ച് ലഭിച്ച ഉത്തരവില്‍ തന്നെ വ്യക്തയുണ്ടായിരുന്നില്ലെന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. അന്ന് വിഷയത്തില്‍ അധികൃതരോട് പ്രതിഷേധം അറിയിച്ചിരുന്നെങ്കിലും എല്ലാം ശരിയാവും എന്ന രീതിയായിരുന്നു സര്‍ക്കാറിന്റെത്.

ഇതിനിടെ ചെയ്ത ജോലിക്ക് ശമ്പളം ചോദിച്ച ജൂനിയര്‍ ഡോക്ടറോട്, ആരോഗ്യവകുപ്പിലെ ജില്ലാതല മേധാവി അപമാനകരമായി പ്രതികരിച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മാസങ്ങളോളം ഒരു പ്രതിഫലവുമില്ലാതെ ജോലി ചെയ്തതിന്റെ ശമ്പളം ചോദിച്ച ജൂനിയര്‍ ഡോക്ടറോട്, പെണ്‍കുട്ടികള്‍ക്കെന്തിനാണ് ശമ്പളം എന്ന ചോദ്യമാണ് ഡിഎംഒ ചോദിച്ചത്. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനും ആരോഗ്യവകുപ്പിനുമെതിരെ സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രതിഷേധത്തില്‍ നിരവധി പേരാണ് രംഗത്തെത്തിയത്. തന്റെ പെണ്‍ സുഹൃത്തായ യുവ ഡോക്ടര്‍ക്കുണ്ടായ ദുരനുഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ മനോജ് വെള്ളനാണ് ഫെയ്‌സ്ബുകില്‍ പങ്കുവെച്ചതോടെയാണ് ഡോക്ടര്‍മാരടം നിരവധി പേര്‍ സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ വകുപ്പിനുമെതിരെ രംഗത്തെത്തിയത്.

chandrika: