വാഷിങ്ടണ്‍: കോവിഡ് ബാധിച്ചയാളുടെ ശരീരത്തിലുണ്ടായ ആന്റിബോഡിയെക്കുറിച്ച് പ്രതികരണവുമായി ഗവേഷകര്‍. രോഗിയുടെ ശരീരത്തില്‍ രോഗത്തിനെതിരായ പ്രതിരോധശേഷി അഞ്ച് മാസം വരെയെങ്കിലും നില നില്‍ക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
യൂണിവേഴ്‌സിറ്റി ഓഫ് അരിസോണയില്‍ നിന്നുള്ള ഗവേഷകരാണ് കൊവിഡ് ബാധിച്ച 6,000 പേരില്‍ നിന്നുള്ള സാമ്പിളുകള്‍ പരിശോധിച്ച് ആന്റിബോഡികളുടെ ഉല്‍പ്പാദനം സംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ ഈ ആന്റിബോഡി കോവിഡില്‍ നിന്ന് ശാശ്വത സംരക്ഷണം നല്‍കുന്നുണ്ടോയെന്നത് ബുദ്ധിമുട്ടേറിയ ചോദ്യമാണെന്നും ഗവേഷകര്‍ പറയുന്നു.
‘കോവിഡ്19 രോഗബാധയ്ക്ക് ശേഷം അവരുടെ ശരീരത്തില്‍ അഞ്ച് മുതല്‍ ഏഴ് മാസം വരെ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി വ്യക്തമായി കണ്ടു’ അരിസോണ യൂനിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറായ ദീപ്ത ഭട്ടാചാര്യ പറഞ്ഞു.
കോവിഡ് ബാധിച്ച വ്യക്തിയില്‍ ആന്റി ബോഡികളുടെ ഏകദേശം 100 ദിവസമാണെന്ന് ഐസിഎംആര്‍ മേധാവി പറഞ്ഞ അതേ സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്നുള്ള പഠന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ‘ആന്റി ബോഡികളുടെ ആയുസ് 100 ദിവസമോ 90 ദിവസമോ ആണ്. ഇക്കാര്യത്തില്‍ ഇതുവരെ ലോകാരോഗ്യ സംഘടന കൃത്യമായ നിഗമനത്തില്‍ എത്തിയിട്ടില്ല. എന്നിരുന്നാലും, ഏകദേശം 100 ദിവസമായി ഞങ്ങള്‍ കണക്കാക്കുന്നു.’ എന്നായിരുന്നു ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ കഴിഞ്ഞ ദിവസം പറഞ്ഞത്.