X
    Categories: indiaNews

രാജ്യത്തെ ട്രെയിന്‍ ഗതാഗതം വീണ്ടും നിര്‍ത്തിവെക്കുമോ?; പ്രതികരണവുമായി റെയില്‍വെ

ഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവയ്ക്കല്‍ ആലോചനയില്ലെന്ന് റെയില്‍വേ. സര്‍വീസ് വെട്ടിച്ചുരുക്കാനും ഇപ്പോള്‍ ചര്‍ച്ചയൊന്നും നടക്കുന്നില്ലെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സുനീത് ശര്‍മ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ വരുമെന്ന ആശങ്ക പല കേന്ദ്രങ്ങളില്‍നിന്നും ഉയരുന്നുണ്ട്. ഇതിനു പിന്നാലെ നഗരങ്ങളിലെ കുടിയേറ്റത്തൊഴിലാളികള്‍ നാടുകളിലേക്കു മടങ്ങുന്നത് വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ലോക്ഡൗണ്‍ വരികയും ട്രെയിന്‍ സര്‍വീസ് നിലയ്ക്കുകയും ചെയ്യുന്ന സാഹചര്യം മൂന്‍കൂട്ടിക്കണ്ടാണ് പലരും നേരത്തെ തന്നെ നാട്ടിലേക്കു മടങ്ങുന്നത്. ഇതു സംബന്ധിച്ച വാര്‍ത്തകളോടു പ്രതികരിച്ചുകൊണ്ടാണ് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്റെ വിശദീകരണം.

”ട്രെയിന്‍ സര്‍വീസ് നിര്‍ത്താനോ കുറയ്ക്കാനോ ആലോചനയില്ല. ആവശ്യത്തിന് അനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ റെയില്‍വേ തയാറാണ്. ഇതു സംബന്ധിച്ച് ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല” സുനീത് ശര്‍മ പറഞ്ഞു.

ഇപ്പോള്‍ അനുഭവപ്പെടുന്ന തിരക്ക് വേനല്‍ക്കാലത്ത് സാധാരണ ഉണ്ടാവാറുള്ളതാണെന്ന് ചെയര്‍മാന്‍ വിശദീകരിച്ചു. തിരക്ക് കണക്കിലെടുത്ത് കുടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നടപടി തുടങ്ങിയിട്ടുണ്ട്. ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഉദ്ദേശ്യമൊന്നുമില്ലെന്നും ശര്‍മ പറഞ്ഞു.

Test User: