കോവിഡ് ബാധിതനായ ശേഷം എട്ടോ പത്തോ ദിവസം കൊണ്ട് ഒരാള്‍ പരിശോധനയില്‍ നെഗറ്റീവായി മാറാം. പക്ഷേ, കോവിഡ് ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതം അപ്പോഴും തീരുന്നില്ല. ക്ഷീണം, ശ്വസന പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് പുറമേ ഹൃദ്രോഗവും ഹൃദയാഘാതവും യുവാക്കളില്‍ പോലും ഉണ്ടാക്കാന്‍ കോവിഡിന് സാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
കോവിഡ് രോഗമുക്തിക്ക് ശേഷം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി ചികിത്സ തേടുന്ന യുവാക്കളുടെ എണ്ണം വര്‍ധിച്ച് വരുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. യുവാക്കളുള്‍പ്പെടെ എല്ലാ പ്രായത്തിലും പെട്ടവര്‍ കോവിഡ് അനന്തരം ഹൃദ്രോഗ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്നുണ്ടെന്ന് എയിംസിലെ കാര്‍ഡിയോളജി പ്രഫസര്‍ സുന്ദീപ് മിശ്ര പറയുന്നു. വൈറസ് ശരീരത്തിലെ അണുബാധ വര്‍ധിപ്പിക്കുകയും നെഗറ്റീവായ ശേഷവും ഈ അവസ്ഥ തുടരുകയും ചെയ്യുന്നു. ഇത് ഹൃദയ പേശീകകളുടെ ബലക്ഷയത്തിനും തുടര്‍ന്ന് മറ്റ് പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. രക്തധമനികളുടെ വീക്കം, രക്തം കട്ടപിടിക്കല്‍ എന്നിവയ്ക്കുള്ള സാധ്യതകളും കോവിഡ് അണുബാധ വര്‍ധിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.
കോവിഡ് രോഗമുക്തരായവര്‍ തങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം പരിശോധിക്കുന്നതിന് എക്കോകാര്‍ഡിയോഗ്രാഫി ചെയ്യുന്നത് നന്നാകുമെന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ശ്വാസകോശത്തിലേക്ക് മാത്രം കോവിഡ് കാലത്ത് ശ്രദ്ധയൂന്നുന്നതിനാല്‍ മറ്റ് പല പ്രശ്‌നങ്ങളും രോഗികള്‍ ശ്രദ്ധിക്കാതെ പോകാറുണ്ട്.
കോവിഡ് രോഗമുക്തരായി പോയവരില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഹൃദയപ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ തിരിച്ചെത്തുന്നതായി ഫോര്‍ട്ടിസ് എക്‌സകോര്‍ട്‌സ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് കാര്‍ഡിയോളജി വിഭാഗം അഡീണഷല്‍ ഡയറക്ടര്‍ അപര്‍ണ ജസ്വാള്‍ പറയുന്നു.