X

‘കോവിഡിനെ പ്രതിരോധിക്കാന്‍ മൂക്കില്‍ ഗ്ലൂക്കോസ് തുള്ളി ഒഴിക്കണം’; മെഡിക്കല്‍ സ്റ്റോറിന് മുന്നില്‍ വന്‍ തിരക്ക്, അന്വേഷണത്തിന് ഉത്തരവിട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍

കോഴിക്കോട്: കോവിഡിനെ പ്രതിരോധിക്കാന്‍ ഗ്ലൂക്കോസ് തുളളി മൂക്കിലൊഴിക്കുന്നത് ഫലപ്രദമാണെന്ന ഇന്‍എന്‍ടി ഡോക്ടറുടെ അവകാശവാദം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍. കോഴിക്കോട് കോയിലാണ്ടിയിലെ ഡോക്ടര്‍ ഇ സുകുമാരന്റെ അവകാശവാദത്തെ തുടര്‍ന്ന് പ്രദേശത്തെ മെഡിക്കല്‍ സ്‌റ്റോറില്‍ രോഗികളുടെ വലിയ തോതിലുളള തിരക്ക് അനുഭവപ്പെടുകയാണ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണോ മൂക്കിലുടെ ഒഴിക്കുന്ന ഗ്ലൂക്കോസ് തുളളികള്‍ നല്‍കുന്നത് എന്നതടക്കം പരിശോധിക്കാന്‍ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ വ്യക്തമാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ മെഡിക്കല്‍ സ്റ്റോറില്‍ തുടക്കത്തില്‍ ഗ്ലൂക്കോസ് അടങ്ങിയ നാസല്‍ ഡ്രോപ്പിന്റെ 15 മില്ലി ബോട്ടിലിന് 50 രൂപയാണ് ഈടാക്കിയത്. പിന്നീട് ഇത് 30 രൂപയായി കുറച്ചു. ഇപ്പോള്‍ 20 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഈ മെഡിക്കല്‍ സ്‌റ്റോറിന് മരുന്ന് സംയുക്തങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക ലൈസന്‍സ് ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഡ്രിപ്പ് പോലെയുളള കാര്യങ്ങള്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ രോഗികള്‍ വന്നാല്‍ മരുന്ന് നല്‍കുന്നതില്‍ തെറ്റില്ല എന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു. എന്നാല്‍ കോവിഡിന് പ്രതിവിധി എന്ന നിലയില്‍ ഇത് വില്‍ക്കാന്‍ പാടില്ലെന്നും അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ സുജിത് കുമാര്‍ പറഞ്ഞു.

ഈ വ്യാജ കണ്ടെത്തലില്‍ നേട്ടം കൊയ്യുന്നത് മെഡിക്കല്‍ സ്‌റ്റോറാണെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ആരോപിച്ചു. കോവിഡില്‍ നിന്ന് രോഗപ്രതിരോധ ശേഷി ലഭിക്കുമെന്ന് കരുതി നിരവധിപ്പേര്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുമോ എന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്.

Test User: