X

സാധാരണ പനിയും കോവിഡും തമ്മിലുള്ള വ്യത്യാസം ഇതാണ്

സാധാരണ പകര്‍ച്ചപ്പനിക്കും കോവിഡിനും ഏതാണ്ട് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണുള്ളത് .എന്നാല്‍ നേരത്തെയുള്ള രോഗ നിര്‍ണയം കോവിഡ് തീവ്രമാകുന്നത് തടയാനും വേഗത്തില്‍ രോഗമുക്തി നേടുന്നതിനും സഹായിക്കും. അതിനാല്‍ കോവിഡും സാധാരണ പകര്‍ച്ചപ്പനിയും തമ്മിലുള്ള വ്യത്യാസം ലക്ഷണങ്ങളില്‍ കൂടി തിരിച്ചറിയേണ്ടതുണ്ട്.

ഇത് തിരിച്ചറിയാന്‍ ഒരേ ഒരു മാര്‍ഗമേ ഉള്ളൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം; മണക്കാനുള്ള നമ്മുടെ ശേഷിയാണത്. പെട്ടെന്ന് മണക്കാനും രുചിക്കാനുമുള്ള ശേഷി നഷ്ടമാകുന്നത് കോവിഡിന്റെ മാത്രം പ്രത്യേകതയാണ്. മറ്റു വൈറല്‍ അണുബാധകളില്‍ അപൂര്‍വമായേ ഇത് കാണപ്പെടാറുള്ളൂ. രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളില്‍ പോലും മണക്കാനുള്ള ശേഷി നഷ്ടമാകാറുണ്ട്. അടഞ്ഞ മൂക്കോ മൂക്കൊലിപ്പോ ഒന്നുമില്ലാതെ മണം നഷ്ടമായാല്‍ ഏതാണ്ട് ഉറപ്പിക്കാം; അത് കോവിഡ് ആണെന്ന്. മധുരവും കയ്പ്പും തമ്മില്‍ തിരിച്ചറിയാനുള്ള നാവിന്റെ രുചിയെ പോലും കോവിഡ് പെട്ടെന്ന് കവര്‍ന്നെടുത്ത് കളയാം.

മെയ് മാസത്തില്‍ ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞത് ഏതാണ്ട് 60 ശതമാനം കോവിഡ് രോഗികളിലും മണക്കാനുള്ള ശേഷി നഷ്ടമാകുമെന്നാണ്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയും നടത്തിയ ഒരു സാമ്പിള്‍ പഠനവും ഇത് സ്ഥിരീകരിക്കുന്നു. സാധാരണ കോവിഡ് ലക്ഷണങ്ങള്‍ക്ക് പുറമേ ഇക്കാര്യത്തിലും ശ്രദ്ധവച്ചാല്‍ രോഗനിര്‍ണയം നേരത്തെ നടത്തി പരിശോധനയ്ക്കായി ചെല്ലാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

Test User: