കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനോടൊപ്പം രോഗവുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് നടക്കുന്നത്. കോവിഡും രക്തഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡെന്‍മാര്‍ക്കിലെ ഒരു കൂട്ടം ആരോഗ്യ വിദഗ്ധര്‍. അവര്‍ നടത്തിയ പഠനത്തില്‍ ഒ ഗ്രൂപ്പില്‍പ്പെട്ട രക്തമുള്ളവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. അഥവാ ബാധിച്ചാല്‍ത്തന്നെ കോവിഡ് ഈ ഗ്രൂപ്പുകാരില്‍ പൊതുവേ തീവ്രമാകാറില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
കോവിഡ് പരിശോധനയ്ക്ക് വിധേയരായ 7400 പേരിലാണ് പഠനം നടത്തിയത്. ഇവരില്‍ 41 % പേര്‍ ഒ ഗ്രൂപ്പ് രക്തമുള്ളവരായിരുന്നു. ഒ ഗ്രൂപ്പുകാരില്‍ 38 ശതമാനത്തിന് മാത്രമേ കോവിഡ് ബാധിച്ചുള്ളൂ എന്ന് പഠനത്തില്‍ കണ്ടെത്തി. കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ദീര്‍ഘകാലം ചികിത്സ തേടേണ്ടി വന്നവരില്‍ നല്ലൊരു പങ്കും എ, എബി രക്തഗ്രൂപ്പുള്ളവരാണെന്ന് കാനഡയില്‍ നടത്തിയ മറ്റൊരു പഠനവും കണ്ടെത്തി. ഒ, ബി രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ കുറവാണ്. എ, എബി രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ ശരാശരിയേക്കാല്‍ 4.5 ദിവസം അധികം കോവിഡ് മൂലം ഐസിയുവില്‍ കഴിയേണ്ടി വരുന്നതായും കാനഡയിലെ പഠനം പറയുന്നു.
എന്നാല്‍ ഇതിന്റെ കാരണങ്ങളെ കുറിച്ച് അറിവായിട്ടില്ല. കൂടുതല്‍ പഠനം ഈ വിഷയത്തില്‍ ആവശ്യമാണെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം ലോകത്തെ വിവിധയിടങ്ങളില്‍ കോവിഡ് വാക്‌സിന്റെ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. പല വാക്‌സിന്‍ പരീക്ഷണങ്ങളും അന്തിമഘട്ടത്തിലാണ്.