X
    Categories: indiaNews

കോവിഡ് ആദ്യ തരംഗത്തില്‍ ഇന്ത്യക്കാര്‍ ആന്റിബയോട്ടിക് മരുന്നുകള്‍ അമിതമായി ഉപയോഗിച്ചതായി പഠനം

കോവിഡിന്റെ ആദ്യ തരംഗം ഇന്ത്യയില്‍ പടര്‍ന്ന സമയത്ത് രാജ്യത്തെ ആന്റിബയോട്ടിക് മരുന്നുകളുടെ വില്പന കുതിച്ചുയര്‍ന്നതായി പഠനം. കോവിഡ് ബാധിതരായ ഇന്ത്യയിലെ ഒരു വിധം എല്ലാവരും ആന്റിബയോട്ടിക് മരുന്നുകള്‍ കഴിച്ചതായും അമേരിക്കയിലെ വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനം സൂചിപ്പിക്കുന്നു.

216.4 ദശലക്ഷം ഡോസ് ആന്റിബയോട്ടിക്കുകളും 38 ദശലക്ഷം ഡോസ് അസിത്രോമൈസിനും കോവിഡ് മൂര്‍ധന്യത്തില്‍ എത്തിയ 2020 ജൂണ്‍- സെപ്റ്റംബര്‍ കാലഘട്ടത്തില്‍ ഇന്ത്യയിലെ മുതിര്‍ന്നവര്‍ അധികമായി കഴിച്ചതായി പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ആന്റിബയോട്ടിക്കുകള്‍ പ്രധാനമായും ബാക്ടീരിയല്‍ അണുബാധയ്‌ക്കെതിരെയാണ് ഫലപ്രദം. ഈ സാഹചര്യത്തില്‍ കോവിഡ് പോലൊരു വൈറല്‍ അണുബാധയ്ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് അനുയോജ്യമല്ലെന്ന് ഗവേഷകര്‍ പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മരുന്നുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അണുബാധകളിലേക്ക് നയിക്കാമെന്നും പഠന റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കി.

ആഗോള പൊതുജനാരോഗ്യത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം അവയ്‌ക്കെതിരെ അണുക്കള്‍ കൈവരിക്കുന്ന പ്രതിരോധമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പകര്‍ച്ചവ്യാധി വിദഗ്ധന്‍ സുമന്ത് ഗന്ദ്ര പറയുന്നു.

മറ്റ് രാജ്യങ്ങളില്‍ മുതിര്‍ന്നവരിലെ ആന്റിബയോട്ടിക് ഉപയോഗം കുറഞ്ഞപ്പോള്‍ ഇന്ത്യയില്‍ അത് കൂടുകയായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു. ലോക്ഡൗണ്‍ മൂലം ജനങ്ങള്‍ കൂടുതലായി വീടുകള്‍ക്കുള്ളില്‍ ഇരുന്നത് മറ്റു പല രോഗങ്ങളും കുറയുന്നതിനു കാരണമായിട്ടുണ്ട്. ഇന്ത്യയിലും മലേറിയ, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയവയുടെ വ്യാപനത്തില്‍ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ രോഗങ്ങള്‍ കുറയുന്നതിന് ആനുപാതികമായി ആന്റിബയോട്ടിക് ഉപയോഗത്തില്‍ കുറവുണ്ടായിട്ടില്ലെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.

 

Test User: