X
    Categories: indiaNews

കോവിഡ് ആംബുലന്‍സുകളുടെ നിരക്ക് ഏകീകരിക്കണം; നിര്‍ദേശങ്ങളുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ ജില്ലകള്‍ തോറും ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണമെന്നും ആംബുലന്‍സ് സര്‍വീസുകളുടെ നിരക്ക് ഏകീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവ്.

കോവിഡ് രോഗികള്‍ക്കായുള്ള ആംബുലന്‍സ് സര്‍വീസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതായ ഹര്‍ജിയില്‍ ആശങ്ക അറിയിച്ചുകൊണ്ടാണ് കോടതി നടപടി. എല്ലാ ജില്ലകളിലും ആംബുലന്‍സ് സേവനം ഉറപ്പുവരുത്താനും ആംബുലന്‍സ് അധിക തുക ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

പകര്‍ച്ചവ്യാധി തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ ബാധ്യതസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്കിന് പരിധി നിശ്ചയിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

രാജ്യത്ത് ആംബുലന്‍സുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തില്‍ നേരത്തേ തന്നെ കേന്ദ്രം ഒരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ചുളള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

 

 

chandrika: