X

വരുന്ന 12 ദിവസങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരും, പിന്നീട് ശമിക്കും’; ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ അടുത്ത 10 മുതല്‍ 12 വരെയുളള ദിവസങ്ങളില്‍ കൂടുമെന്നും അതിന് ശേഷം ശമിക്കുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗ നിരക്ക് വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലെ കൊവിഡ് കേസുകള്‍ക്ക് കാരണമായ എക്‌സ് ബി ബി.1.16 എന്ന ഒമിക്രോണ്‍ ഉപവകഭേദത്തിന് വാക്‌സിന്‍ ഫലപ്രദമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

നിലവില്‍ ചില സ്ഥലങ്ങളില്‍ മാത്രമാണ് കൊവിഡ് കേസുകള്‍ ഉയരുന്നത്. അണുബാധ കൂടിയാലും ആശുപത്രി വാസത്തിന്റെ നിരക്ക് കുറവായിരിക്കും എന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 7,830 പുതിയ കൊവിഡ് കേസുകളാണ്. കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഫെബ്രുവരിയില്‍ രോഗവ്യാപന നിരക്ക് 21.6 ശതമാനം ആയിരുന്നു. എന്നാല്‍ മാര്‍ച്ചില്‍ അത് 35.8 ശതമാനമായി ഉയര്‍ന്നു.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയരുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആശുപത്രികളില്‍ മോക്ഡ്രില്‍ നടത്തണമെന്ന് മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചിരുന്നു. ഹോട്ട്‌സ്‌പോട്ടുകള്‍ കണ്ടെത്തുന്നതിനാണ് ഊന്നല്‍ നല്‍കേണ്ടതെന്നും പനി, ശ്വാസകോശ രോഗങ്ങള്‍ എന്നിവയുമായി എത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു.

ഇതിന് പുറമെ കൊവിഡ് സ്ഥിരീകരിക്കുന്ന രോഗികളുടെ സാമ്പിളുകള്‍ ജനിതക ശ്രേണീകരണം നടത്തണമെന്നും കൊവിഡിനെ കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് ഇപ്പോള്‍ പടര്‍ന്നു പിടിക്കുന്നതെന്ന് നേരത്തെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

webdesk14: