കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും വ്യാപകമായ ബോധവല്‍ക്കരണവും നടക്കുന്നുണ്ട്. എന്നാല്‍ രോഗമുക്തരായവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കാര്യമായ ബോധവല്‍ക്കരണമൊന്നും നടക്കുന്നില്ല. കോവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തിയാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സമയം നല്‍കുക – നിങ്ങള്‍ കോവിഡ് നെഗറ്റീവാണെന്ന് അറിയുന്നതുതന്നെ വലിയ ആശ്വാസമാണ്. എന്നാല്‍ ഫലം വന്ന ഉടനെ പഴയ ജീവിതത്തിലേക്ക് തിരികെ പോകാം എന്ന ധാരണ വേണ്ട. സ്വയം അല്‍പ്പം സമയം നല്‍കുക. വലിയൊരു രോഗത്തില്‍ നിന്നാണ് നിങ്ങള്‍ സാധാരണ ജീവിതത്തിലേക്കു തിരികെ വന്നത് എന്നോര്‍ക്കുക. അതിനാല്‍ സാവധാനം വലിയ ജോലികള്‍ ചെയ്യാന്‍ ആരംഭിക്കുക.
ഓര്‍മയെ പരീക്ഷിക്കുക – ഓര്‍മ, കോണ്‍സെന്‍ട്രേഷന്‍ ലെവല്‍ എന്നിവയ്ക്ക് വൈറസ് ബാധ സാരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ കോവിഡ് നെഗറ്റീവ് ആയ ശേഷം പസില്‍ ഗെയിമുകള്‍, ബ്രെയിന്‍ എക്സ്സര്‍സൈസുകള്‍, മെമ്മറി ടെസ്റ്റുകള്‍ എന്നിവ പരീക്ഷിക്കുക.
ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക – തലവേദന, ശ്വാസംമുട്ടല്‍ പോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അല്‍പം ശ്രദ്ധിക്കുക. എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഡോക്ടറോട് ആദ്യംതന്നെ പറയുക.
മരുന്നുകള്‍ കഴിക്കുന്നവര്‍ – എന്തെങ്കിലും രോഗങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുന്നവര്‍ കോവിഡ് നെഗറ്റീവായ ശേഷം ഡോക്ടറെ സമീപിച്ചു മരുന്നുകളില്‍ എന്തെങ്കിലും മാറ്റം വേണോ എന്ന് അന്വേഷിക്കുക.
മാസ്‌ക് നിര്‍ബന്ധം – നെഗറ്റീവ് ആയ ശേഷവും നിങ്ങള്‍ക്ക് പിന്നെയും രോഗബാധ ഉണ്ടാകില്ല എന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ല. അതിനാല്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ത്തരുത്.
അനാവശ്യ അധ്വാനം വേണ്ട – രോഗം ഭേദമായാലും ഉടനടി അധ്വാനം കൂടുതല്‍ വേണ്ട ജോലികള്‍ ചെയ്യാതെ ശരീരത്തിന് ആവശ്യത്തിനു വിശ്രമം നല്‍കുക.