ന്യൂയോര്‍ക്ക്: കോവിഡ് 19നെ കൂടുതല്‍ മാരകവും ഒരു പരിധിവരെ മരണത്തിനും വരെ കാരണമാക്കിയേക്കാവുന്ന ജീനിനെ തിരിച്ചറിഞ്ഞതായി പോളിഷ് ശാസ്ത്രജ്ഞര്‍. കോവിഡ് ബാധിച്ചുള്ള മരണങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതില്‍ പുതിയ കണ്ടെത്തല്‍ നിര്‍ണായകമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. പോളണ്ടില്‍ മാത്രം ലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ബഹുഭൂരിഭാഗം പേരിലും കോവിഡ് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാതെയാണ് കടന്നു പോകാറ്. എന്നാല്‍ ചെറിയൊരു ന്യൂനപക്ഷത്തെ രോഗം വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇതേതുടര്‍ന്നുള്ള മരണത്തിലേക്കും വരെ ഇത് എത്തിക്കുന്നു. കോവിഡ് ഒന്നും രണ്ടും തരംഗങ്ങളിലായി പോളണ്ടില്‍ മാത്രം ലക്ഷത്തിലധികം പേരാണ് മരിച്ചത്. പ്രത്യേക ജീനിന്റെ സാന്നിധ്യമാണ് ഇത്തരത്തില്‍ മരണ നിരക്ക് ഉയര്‍ത്തുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഇത്തരം ജീനുകളെ കണ്ടെത്താനുള്ള പരിശോധന ജൂണ്‍ അവസാനത്തോടെ സാര്‍വത്രികമായി ലഭ്യമാക്കാനാകുമെന്നും ഇതോടെ മരണ നിരക്ക് കുറക്കാന്‍ കഴിയുമെന്നാണ് ഇവര്‍ പറയുന്നത്.
ബൈലിസ്റ്റോക് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് കണ്ടെത്തലിനു പിന്നില്‍. പോളിഷ് ജനസംഖ്യയില്‍ മരണ കാരണമായേക്കാവുന്ന ഈ ജീനിന്റെ സാന്നിധ്യം 14 ശതമാനമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. യൂറോപ്പില്‍ ഇത് ഒമ്പത് ശതമാനം മാത്രമാണ്. അതേസമയം ഇന്ത്യയില്‍ 27 ശതമാനമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 1500ലധികം പേരെ നിരീക്ഷണ വിധേയമാക്കിയാണ് പുതിയ കണ്ടെത്തല്‍ ശാസ്ത്ര സംഘം അവതരിപ്പിച്ചിരിക്കുന്നത്. അപകടകാരിയായ ജീനിന്റെ സാന്നിധ്യം ജെനിറ്റിക് പരിശോധനയിലൂടെ നേരത്തെ തന്നെ തിരിച്ചറിയാമെന്നും ഇത്തരക്കാര്‍ മുന്‍കരുതല്‍ എടുത്താല്‍ കോവിഡ് അത്യാഹിതത്തെ കരുതലോടെ നേരിടാമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രഫസര്‍ മാര്‍കിന്‍ മനിയുസ്‌കോ പറഞ്ഞു.