ന്യൂഡല്‍ഹി: ലോകത്ത് തന്നെ കോവിഡ് ഏറ്റവും മോശമായി ബാധിച്ച നിലയിലേക്ക് ഇന്ത്യ മാറിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗം ഇന്നുനടക്കും. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ആറു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിയിലെയും മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കെയാണ് യോഗം.
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ആരോഗ്യമന്ത്രിമാരുമാവും യോഗത്തില്‍ പങ്കെടുക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
രോഗവ്യാപനം ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തിപ്പെടുത്താന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരും. വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ സഹായം തേടും. അണ്‍ലോക്കിന്റെ അഞ്ചാംഘട്ട മാര്‍ഗനിര്‍ദേശം സംബന്ധിച്ച് ചര്‍ച്ചയും യോഗത്തില്‍ നടക്കും.
തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സാംസ്‌കാരിക, രാഷ്ട്രീയ, അടക്കം വിവിധ പരിപാടികളില്‍ 100 പേര്‍ക്ക് വരെ പങ്കെടുക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളും ഭാഗികമായി തുറക്കാന്‍ അനുവദിച്ചിട്ടുണ്ട്. വിവാഹം, ശവസംസ്‌കാരം എന്നിവയില്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാനും അനുമതിയുണ്ട്. ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.