ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്‍മാരുടെ വ്യക്തിഗതമല്ലാത്ത വിവരങ്ങള്‍ സര്‍ക്കാറിനും സ്വകാര്യ കമ്പനികള്‍ക്കും കൈമാറുന്നതിനായുള്ള വിവര കൈമാറ്റ നയത്തിന്റെ കരട് (എന്‍.ഡി.ജി.എഫ്.പി) കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ.ടി വകുപ്പ് പുറത്തിറക്കി.
പൊതു, സ്വകാര്യ മേഖലയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ വിവര കൈമാറ്റം സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വാദം. ഗവേഷണ ആവശ്യങ്ങള്‍ക്ക് ഡേറ്റ സെറ്റുകള്‍ ആവശ്യമായ സാഹചര്യത്തിലാണ് ഇതിനായി നയം കൊണ്ടുവരുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കൈവശമുള്ള വിവരങ്ങള്‍ ഇതിനായി ശേഖരിക്കും. ഒപ്പം സ്വകാര്യ കമ്പനികളുടെ കയ്യിലുള്ള വിവരങ്ങളും ലഭ്യമാക്കും. ഈ വിവരങ്ങള്‍ പണം ഈടാക്കി ആവശ്യക്കാര്‍ക്ക് കൈമാറും.
സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഗവേഷകര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമാണ് ഡേറ്റ കൈമാറുകയെന്നാണ് കരട് നയത്തില്‍ പറയുന്നത്. ശേഖരിക്കുന്ന വിവരങ്ങളില്‍ ഏതൊക്കെ ആര്‍ക്കൊക്കെ കൈമാറും ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി ഡിജിറ്റല്‍ ഇന്ത്യാ കോര്‍പറേഷനു കീഴില്‍ ഇതിനായി ഇന്ത്യാ ഡേറ്റ മാനേജ്‌മെന്റ് ഓഫീസ് (ഐ. ഡി. എം.ഒ) ആരംഭിക്കും. ശേഖരിക്കുന്ന വിവരങ്ങളുടെ ഉടമസ്ഥര്‍ കേന്ദ്ര സര്‍ക്കാര്‍ ആയിരിക്കും.
സ്വകാര്യ കമ്പനികള്‍ തമ്മിലുള്ള മത്സരത്തേയും പുതിയ നയം ബാധിച്ചേക്കും. പൗരന്റെ ഏതൊക്കെ വിവരങ്ങളാണ് വ്യക്തിഗതം, വ്യക്തിഗതമല്ലാത്തത് എന്നത് കൃത്യമായി നിര്‍വചിച്ചില്ലെങ്കില്‍ ഭാവിയില്‍ അത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റത്തിന് കാരണമായേക്കും. ഐ.ടി മന്ത്രാലയത്തിന്റെ കരടിന്‍മേല്‍ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ജൂണ്‍ 11 ആണ്.