X
    Categories: indiaNews

കോവാക്‌സിന്റെ വില കുറച്ചു; സംസ്ഥാനം നല്‍കേണ്ടത് 400 രൂപ

ഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് പിന്നാലെ മറ്റൊരു വാക്‌സിനായ കോവാക്‌സിന്റെ വിലയും കുറച്ചു.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ വിലയാണ് കുറച്ചത്. ഡോസിന് 400 രൂപയായി കുറച്ചതായി ഭാരത് ബയോടെക്ക് അറിയിച്ചു.

18നും 45നും ഇടയില്‍ പ്രായമായവര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധം നിലനില്‍ക്കുകയാണ്. പൊതുവിപണിയില്‍ നിന്ന് വില കൊടുത്ത് സംസ്ഥാന സര്‍ക്കാരുകള്‍ വാങ്ങണമെന്ന നയത്തിലെ നിര്‍ദേശമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതിന് പിന്നാലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്‌സിന്‍ നിരക്ക് പ്രഖ്യാപിച്ചു. ഇത് വളരെ കൂടുതലാണ് എന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്ന് വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്ന വാക്‌സിന്റെ വില 300 രൂപയായി കുറച്ചു. ഇതിന് പിന്നാലെയാണ് ഭാരത് ബയോടെക്കും വില കുറച്ചത്.

സംസ്ഥാന സര്‍ക്കാരിന് ഡോസിന് 600 രൂപയ്ക്ക് നല്‍കാനായിരുന്നു തീരുമാനം. ഇതാണ് വില കുറയ്ക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 200 രൂപ കുറച്ചത്.

 

Test User: