X

സംസ്ഥാനങ്ങള്‍ക്ക് 600 രൂപ, സ്വകാര്യ ആശുപത്രികള്‍ക്ക് 1200; കൊവാക്‌സിന്‍ വില പ്രഖ്യാപിച്ചു

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊവാക്‌സിന്റെ നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 600 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ഡോസിന് 1200 രൂപ നിരക്കിലും വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. രാജ്യത്തിന് പുറത്തേക്ക് കയറ്റുമതി ചെയ്യുമ്പോള്‍ ഡോസിന് 15-20 ഡോളര്‍ വരെയാവും ഈടാക്കുക. ഈ നിരക്ക് പ്രാബല്യത്തില്‍ വന്നാല്‍ ലോകത്ത് ഏറ്റയും ഉയര്‍ന്ന വിലക്ക് വാക്‌സിന്‍ വില്‍ക്കുന്ന സ്ഥാപനമാകും ഭാരത് ബയോടെക് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്ത് നിലവില്‍ കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിങ്ങനെ രണ്ട് വാക്‌സിനുകളാണ് ഉത്പാദിപ്പിക്കുന്നത്. ഐസിഎംആര്‍ സഹകരണത്തോടെ ഭാരത് ബയോടെക്കാണ് കോവാക്‌സിന്‍ ഉത്പാദിപ്പിക്കുന്നത്. പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കോവിഷീല്‍ഡ് വാക്‌സിന്‍ രാജ്യത്ത് നിര്‍മിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും നല്‍കുമെന്ന് കഴിഞ്ഞ ദിവസം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചിരുന്നു.

കോവിഷീല്‍ഡ് കേന്ദ്രസര്‍ക്കാരിന് 150 രൂപ നിരക്കിലായിരുന്നു നല്‍കിയിരുന്നത്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് വിലക്കുറവിലാണ് കോവിഷീല്‍ഡ് പൊതുവിപണിയില്‍ വില്‍ക്കുന്നതെന്നായിരുന്നു കമ്പനി സിഇഒ അദാര്‍ പൂനാവാലയുടെ വിശദീകരണം നല്‍കിയത്. അമേരിക്കന്‍ വാക്‌സിനുകള്‍ക്ക് ഡോസിന് 1500 രൂപയാണ് ഈടാക്കുന്നത്. ഇതിനോട് തുലനം ചെയ്യുമ്പോള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് രാജ്യത്ത് നല്‍കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം കോവിഷീല്‍ഡ് വാക്‌സിന്റെ ഉയര്‍ന്ന വില സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെ ഇന്ത്യയില്‍ വികസിപ്പിച്ച് നിര്‍മിക്കുന്ന കോവാക്‌സിന്റെ കൂടിയ നിരക്കും പ്രഖ്യാപിച്ചിരിക്കുന്നത്.

 

Test User: