X

കോവാക്‌സിന്‍ 81% ഫലപ്രദം, ജനിതക മാറ്റം സംഭവിച്ച വൈറസുകളേയും പ്രതിരോധിക്കും

ഡല്‍ഹി : കോവിഡിനെതിരെ കോവാക്‌സീന്‍ 81% ഫലപ്രദമെന്ന് ഭാരത് ബയോടെക്. ജനിതക മാറ്റം സംഭവിച്ച വൈറസുകളിലും ഫലപ്രദമാണെന്ന് മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയായതോടെ തെളിഞ്ഞതായി അധികൃതര്‍ അറിയിച്ചു. മുന്‍പ് കോവിഡ് ബാധിക്കാത്ത, രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരിലാണ് 81% ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

വാക്‌സീന്‍ പരീക്ഷണത്തില്‍ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുന്നതായി ഭാരത് ബയോടെക് മാനേജിങ് ഡയറക്ടര്‍ ഡോ. കൃഷ്ണ എല്ല പറഞ്ഞു. വാക്‌സീന്റെ മൂന്ന് പരീക്ഷണ ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. 27,000 പേരാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. ഇടയ്ക്കിടെ ജനിതക മാറ്റം സംഭവിക്കുന്ന വൈറസുകളിലും വാക്‌സീന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞു.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ വിശകലനത്തിലും യുകെയില്‍നിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസുകള്‍ക്കടക്കം വാക്‌സീന്‍ ഫലപ്രദമാണെന്നു കണ്ടെത്തി. യൂറോപ്യന്‍ രാജ്യങ്ങളടക്കം വാക്‌സീനില്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അടിയന്തര ഉപയോഗത്തിന് ഇന്ത്യ അനുമതി നല്‍കിയ വാക്‌സീനുകളില്‍ ഒന്നാണ് കോവാക്‌സീന്‍. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ച് പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉല്‍പാദിപ്പിക്കുന്ന കോവിഷീല്‍ഡ് ആണ് രണ്ടാമത്തേത്.

Test User: